ബഹ്‌റൈൻ: വിദേശത്ത് നിന്നെത്തുന്നവർക്ക് അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും PCR ടെസ്റ്റ് നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം

featured GCC News

വിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രികർക്കും, രാജ്യത്ത് പ്രവേശിച്ച ശേഷം അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും COVID-19 PCR ടെസ്റ്റ് നിർബന്ധമാണെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഈ നിബന്ധന ബാധകമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 9-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മാത്രമാണ് PCR പരിശോധനയിൽ ഇളവ് നൽകിയിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഓഗസ്റ്റ് 29 മുതൽ ബഹ്‌റൈനിലെത്തുന്ന മുഴുവൻ പേർക്കും രാജ്യത്ത് പ്രവേശിച്ച ഉടൻ ബഹ്‌റൈനിലെ വിമാനത്താവളത്തിൽ വെച്ചും, അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും മൂന്ന് തവണയായി PCR പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഈ മൂന്ന് PCR പരിശോധനകൾക്കായി ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നവരിൽ നിന്ന് 36 ദിനാർ മുൻകൂറായി ഈടാക്കുന്നുണ്ട്.

ഈ പരിശോധനകൾക്കായുള്ള മുൻ‌കൂർ ബുക്കിംഗ് ‘BeAware Bahrain’ ആപ്പിലൂടെ പൂർത്തിയാക്കാവുന്നതാണ്.

PCR ടെസ്റ്റ് നടത്തുന്നതിനായി ‘BeAware Bahrain’ ആപ്പിലൂടെ ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ:

  • ‘BeAware Bahrain’ ആപ്പിലേക്ക് ലോഗിൻ ചെയ്യുക.
  • e-services എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് ‘Corona Virus Test Appointment’ എന്ന സേവനം തിരഞ്ഞെടുക്കുക.
  • ടെസ്റ്റ് ചെയ്യുന്നതിനുള്ള സ്ഥലം തിരഞ്ഞെടുക്കുക.
  • അഞ്ചാം ദിനത്തിലും, പത്താം ദിനത്തിലും PCR ടെസ്റ്റ് നടത്തുന്നതിന് അപേക്ഷിക്കുക.
  • ബുക്കിംഗ് സ്ഥിരീകരിക്കുക.

Cover Photo: Bahrain News Agency.