ഒമാനിലെ ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള ഗ്രേഡുകളിലെ വിദ്യാർത്ഥികളുടെ പഠനത്തിനായി പുതിയ അധ്യയന വർഷത്തിൽ ഓൺലൈൻ സമ്പ്രദായം ഉപയോഗിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 25-ന് വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒമാനിലെ 2020-2021 അധ്യയന വർഷം നവംബർ 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഒക്ടോബർ 21-ന് സ്ഥിരീകരണം നൽകിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം ഈ തീരുമാനം എടുത്തിട്ടുള്ളത്.
ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള ഗ്രേഡുകളിൽ വിദൂര വിദ്യാഭ്യാസ രീതി പിന്തുടരാനും, പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് ആഴ്ച്ച തോറും ഊഴമിട്ട് വിദ്യാലയങ്ങളിൽ നേരിട്ട് പ്രവേശിക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കാനുമാണ് മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. വിദ്യാലയങ്ങളിലെ പ്രവർത്തങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച സുപ്രീം കമ്മിറ്റി തീരുമാനം കണക്കിലെടുത്തും, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ തീരുമാനമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ നീട്ടി വെക്കാൻ തീരുമാനിക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകളും, സന്ദേശങ്ങളും അടിസ്ഥാനമില്ലാത്തതാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഒക്ടോബർ 17-ന് വ്യക്തമാക്കിയിരുന്നു.