കേരളത്തിലേക്ക് ട്രെയിനിൽ വരുന്നവർക്കുള്ള നിർദ്ദേശങ്ങൾ; പാസ് നിർബന്ധം

Kerala News

രാജ്യത്ത് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വരുന്നവർക്കുള്ള പാസിന് അപേക്ഷിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. റെയിൽവേയുടെ ഓൺലൈൻ റിസർവേഷൻ മുഖേന ടിക്കറ്റ് എടുക്കുന്നവർ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിനുവേണ്ടി ‘കോവിഡ്19 ജാഗ്രത’ പോർട്ടലിൽ അപേക്ഷിക്കണം.

ഇതിനകം ഏതുമാർഗം വഴിയും അപേക്ഷിച്ചവർ അത് റദ്ദാക്കി റെയിൽമാർഗമാണ് വരുന്നത് എന്ന് കാണിച്ച് തുതായി അപേക്ഷിക്കണം. ഇതുവരെ പാസിനപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാൻ സൗകര്യമുണ്ടാകും.

ഒരേ ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടേയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, ട്രെയിൻ നമ്പർ, പി.എൻ.ആർ നമ്പർ എന്നിവ ‘കോവിഡ്19 ജാഗ്രത’ വഴി രേഖപ്പെടുത്തണം. റെയിൽവേ ടിക്കറ്റ് ഉറപ്പാക്കിയശേഷമാകണം പാസിനായി അപേക്ഷിക്കേണ്ടത്.

കേരളത്തിൽ ഇറങ്ങുന്ന റെയിൽവേ സ്റ്റേഷനുകളിൽ കമ്പ്യൂട്ടർ വഴി വിശദാംശങ്ങൾ പരിശോധിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങളില്ലാത്തവർ നിർബന്ധിത 14 ദിവസ ഹോം ക്വാറൻറയിനിൽ പ്രവേശിക്കണം. ഹോം ക്വാറൻറയിൻ പാലിക്കാത്തവരെ നിർബന്ധമായി ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറയിനിൽ മാറ്റും. രോഗലക്ഷണങ്ങളെ ഉള്ളവരെ തുടർപരിശോധന നടത്തും.
റെയിൽവേസ്റ്റേഷനിൽനിന്ന് വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കും. ഇത്തരം വാഹനങ്ങളിൽ സാമൂഹ്യ അകലം പാലിക്കുകയും ഡ്രൈവർ ഹോം ക്വാറൻയിൻ സ്വീകരിക്കുകയും വേണം.

റെയിൽവേ സ്റ്റേഷനുകളിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. ആൾക്കാരെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവേ സ്റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും.

കോവിഡ്19 ജാഗ്രത പോർട്ടലിൽ ( https://covid19jagratha.kerala.nic.in ) പാസിനപേക്ഷിക്കാതെ വരുന്ന യാത്രക്കാർ നിർബന്ധമായും 14 ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറയിനിൽ പോകേണ്ടിവരുമെന്നും സർക്കാർ അറിയിച്ചു. റോഡ് മുഖേന അതിർത്തി ചെക്ക് പോസ്റ്റുകൾ വഴി വരുന്നവരും കോവിഡ്19 ജാഗ്രതാ പോർട്ടലിൽ പാസിന് അപേക്ഷിക്കണം.

കേരളത്തിൽനിന്ന് പാസ് നേടുന്നതിനൊപ്പം ഏതു സംസ്ഥാനത്തുനിന്നാണോ വരുന്നത് അവിടെനിന്നുള്ള ആവശ്യമായ പാസുകളും യാത്രയ്ക്ക് മുമ്പ് നേടിയിരിക്കണം. യാത്രക്കിടയിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ പാസുകൾ ലഭിച്ചശേഷമേ യാത്ര ആരംഭിക്കാവൂ. പാസില്ലാതെ വരുന്നവർക്ക് ചെക്ക് പോസ്റ്റുകളിലൂടെ പ്രവേശനം അനുവദിക്കില്ല. സ്വന്തം വാഹനമോ വാടകവാഹനമോ വീടുകളിൽ പോകാൻ ഉപയോഗിക്കാം. വാടകവാഹനമാണെങ്കിൽ എൻട്രി ചെക്ക്പോസ്റ്റിൽനിന്ന് വാഹനത്തിനുള്ള റിട്ടേൺ പാസും നൽകും.

റോഡ് മുഖേന വരുന്ന ഒരു സംഘത്തിലെ യാത്രക്കാർക്ക് വെവ്വേറെ ദിവസങ്ങളിലേക്കാണ് പാസ് അനുവദിച്ചിരിക്കുന്നതെങ്കിലും എല്ലാവർക്കും പാസിൽ പരാമർശിച്ചിട്ടുള്ളത് ഒരേ വാഹനമാണെങ്കിൽ, യാത്രക്കാരിൽ ഏതെങ്കിലും ഒരാൾക്ക് അനുവദിച്ച തീയതിയിൽ എത്താവുന്നതാണ്.