ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ച സാഹചര്യത്തിൽ, ഇത് നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി. ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിന്റെ കൃത്യമായ തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും DGCA കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 24-ന് രാത്രിയാണ് കുവൈറ്റ് DGCA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇന്ത്യ, ഈജിപ്ത്, നേപ്പാൾ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിന് ക്യാബിനറ്റ് അനുമതി നൽകിയതായും, ഈ രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ റെസിഡൻസി വിസകളിലുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായും കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് 2021 ഓഗസ്റ്റ് 18-ന് അറിയിച്ചിരുന്നു. എന്നാൽ എന്ന് മുതലാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്ന് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസിൽ നിന്നോ, കുവൈറ്റ് DGCA-യിൽ നിന്നോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല.
ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന യാത്രാ വിമാനങ്ങളുടെയും, പ്രതിദിന യാത്രികരുടെയും എണ്ണം ഉയർത്തുന്നതിന് DGCA ഡയറക്ടർ ജനറൽ യൗസേഫ് അൽ ഫൗസാൻ ക്യാബിനറ്റ് അനുമതി തേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുവൈറ്റ് DGCA ട്വിറ്ററിൽ നൽകിയ അറിയിപ്പ് പ്രകാരം, നിലവിൽ ഇന്ത്യ ഉൾപ്പടെയുളള രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള രൂപരേഖകൾ അധികൃതർ തയ്യാറാക്കി വരികയാണ്.
വിമാനത്താവളത്തിൽ ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള സ്ഥിരീകരണം ആകുന്നതോടെ യാത്രികർക്ക് DGCA പ്രത്യേക അറിയിപ്പ് നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ഇതുവരെ പ്രവേശനാനുമതി നൽകി തുടങ്ങിയിട്ടില്ലെന്ന് എയർ ട്രാൻസ്പോർട്ട് വകുപ്പ് ഡയറക്ടർ അബ്ദുല്ലാഹ് ഫദൗസ് അൽ രജ്ഹി അറിയിച്ചിട്ടുണ്ട്.
വിമാനങ്ങൾ ആരംഭിക്കുന്ന തീയതി മുതൽ ഈ രാജ്യങ്ങളിൽ നിന്നുള്ള സാധുതയുള്ള കുവൈറ്റ് റെസിഡൻസി വിസകളിലുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് നേരത്തെ അറിയിപ്പ് നൽകിയിട്ടുണ്ട്.
വിദേശത്ത് നിന്ന് സിനോഫാം, സിനോവാക്, സ്പുട്നിക് എന്നീ വാക്സിനുകളുടെ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കുവൈറ്റ് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നിർബന്ധമാണെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
വിദേശത്ത് നിന്ന് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള, രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ്, അനുബന്ധ രേഖകൾ എന്നിവ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.