COVID-19 രോഗബാധ സംബന്ധിച്ച വിവരം ആരോഗ്യ വകുപ്പുകളിൽ നിന്ന് മറച്ച് വെക്കരുതെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ

featured GCC News

രാജ്യത്ത് കൊറോണ വൈറസ് രോഗബാധയേൽക്കുന്നവർ, ആ വിവരം ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്ന് മറച്ച് വെക്കരുതെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രോഗബാധയുള്ളവർ എത്രയും പെട്ടന്ന് തൊട്ടടുത്തുള്ള ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ഫെബ്രുവരി 17, ബുധനാഴ്ച്ച വൈകീട്ടാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു അറിയിപ്പ് നൽകിയത്. COVID-19 രോഗബാധയുള്ളവർ അക്കാര്യം രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തെയോ, മറ്റു ആരോഗ്യ വകുപ്പുകളെയോ അറിയിക്കേണ്ടത് നിർബന്ധമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിലൂടെ പങ്ക് വെച്ച അറിയിപ്പിൽ വ്യക്തമാക്കി.

രോഗബാധിതന് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനും, സമൂഹത്തിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനും ഈ നടപടി വളരെ പ്രധാനമാണെന്ന് പ്രോസിക്യൂഷൻ ജനങ്ങളെ ഓർമ്മപ്പെടുത്തി. പകർച്ച വ്യാധികൾ തടയുന്നതിനുള്ള യു എ ഇയിലെ ഫെഡറൽ നിയമം ’14/ 2014′-ലെ ആർട്ടിക്കിൾ 32, 33 എന്നിവ പ്രകാരം, പകരാവുന്ന രോഗബാധയേൽക്കുന്നവർ, അവരുമായി അടുത്തിടപഴകിയവർ എന്നീ വിഭാഗങ്ങൾ ഉടൻ തന്നെ ചികിത്സാകൾക്കായി ആരോഗ്യ മന്ത്രാലയവുമായോ, ആരോഗ്യ വകുപ്പുകളുമായോ നിർബന്ധമായും ബന്ധപ്പെടേണ്ടതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ചികിത്സയ്ക്ക് പുറമെ, രോഗം സംബന്ധിച്ച ഉപദേശങ്ങൾ, രോഗം പടരുന്നത് സംബന്ധിച്ച അറിവ്, രോഗവ്യാപനം തടയാനുള്ള മാർഗ്ഗങ്ങൾ എന്നിവ സംബന്ധിച്ച് രോഗബാധിതന് അവബോധം നൽകുന്നതിനും ഈ നടപടി ആവശ്യമാണെന്ന് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

ഇത്തരം രോഗബാധിതർ രോഗപ്രതിരോധത്തിനായി അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. സമൂഹത്തിലെ മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് ഒഴിവാക്കാൻ ഇത് വളരെ പ്രധാനമാണ്. ഇതേ നിയമത്തിലെ ആർട്ടിക്കിൾ 38 പ്രകാരം ഇക്കാര്യങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്ക് 10000 മുതൽ 50000 ദിർഹം വരെ പിഴയും, തടവും ശിക്ഷയായി ലഭിക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.