ദുബായ്: ഗൾഫുഡ് 2022 ഉദ്ഘാടനം ചെയ്തു

featured UAE

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തിയേഴാമത്‌ പതിപ്പിന് 2022 ഫെബ്രുവരി 13, ഞായറാഴ്ച്ച തുടക്കമായി. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഗൾഫുഡ് 2022 ദുബായ് വേൾഡ് ട്രേഡ് സെന്റർ അതോറിറ്റി ചെയർമാൻ H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ സയീദ് അൽ മക്തൂം ഉദ്‌ഘാടനം ചെയ്തു.

തുടർന്ന് അദ്ദേഹം ഗൾഫുഡ് 2022 വേദിയിലെ വിവിധ പവലിയനുകളിലൂടെ പര്യടനം നടത്തി. യു എ ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മരിയം അൽ മിഹെയ്‌രി, ദുബായ് വേൾഡ് ട്രേഡ് സെന്റർ അതോറിറ്റി ഡയറക്ടർ ജനറൽ ഹിലാൽ സയീദ് അൽമാരി എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു. 2022 ഫെബ്രുവരി 13 മുതൽ 17 വരെയാണ് ഗൾഫുഡ് 2022 സംഘടിപ്പിക്കുന്നത്.

മേഖലയിലെ ഏറ്റവും അധികം തവണയായി നടന്നു വരുന്ന വാർഷിക ഭക്ഷണ പാനീയ വാണിജ്യ പ്രദർശനമാണ് ഗൾഫുഡ്. ആഗോള ഭക്ഷണ പാനീയ വാണിജ്യ മേഖലയിലെ ഉയർന്നുവരുന്ന പ്രവണതകൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ശീലങ്ങൾ, നൂതനമായ പരിഹാരങ്ങൾ എന്നിവ ഈ മേളയിൽ അവതരിപ്പിക്കുന്നതാണ്. ഇതിന് പുറമെ ഈ മേഖലയിലെ സ്ഥാപനങ്ങൾക്ക് തങ്ങൾ നേരിടുന്ന വെല്ലുവിളികൾ പരിശോധിക്കുന്നതിനും, വ്യാപാര ഇടപാടുകൾ നടത്തുന്നതിനും ഗൾഫുഡ് 2022 അവസരമൊരുക്കുന്നു.

120 രാജ്യങ്ങളിൽ നിന്നുള്ള 4,000-ലധികം കമ്പനികൾ പങ്കെടുക്കുന്ന ഗൾഫുഡ് 2022 ഈ മേഖലയിലെ വ്യവസായ പ്രമുഖർ, ലോകത്തിലെ ഏറ്റവും മികച്ച ഷെഫുകൾ എന്നിവരെ ഒരുമിപ്പിക്കുന്നു. സുസ്ഥിരത, ഭക്ഷണ പാനീയ വാണിജ്യ മേഖലയിൽ ഇ-കൊമേഴ്‌സിന്റെ വർദ്ധിച്ചുവരുന്ന പങ്ക്, സ്വാധീനം ചെലുത്തുന്ന നവീകരണം എന്നിവ ഈ മേളയുടെ ഭാഗമായി അടുത്ത അഞ്ച് ദിവസങ്ങളിൽ പര്യവേക്ഷണം ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്യുന്നതാണ്.

വിവിധ രാജ്യങ്ങളിലെയും സംസ്കാരങ്ങളിലെയും തനതു രുചികൾ അടുത്തറിയാനും, ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള പേരുകേട്ട പാചകവിദഗ്ദരുടെ നൈപുണ്യം ആസ്വദിക്കാനും ഈ മേള സന്ദർശകർക്ക് അവസരം ഒരുക്കുന്നു.

WAM