ഒമാൻ: ആദ്യ രണ്ട് ദിനങ്ങളിൽ 1717 പേർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

Oman

ഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ 1717 പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് ഒമാനിൽ ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകാൻ മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളുടെ 11 ശതമാനത്തോളം വരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഡിസംബർ 29, ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്. ഈ കാലയളവിൽ നോർത്ത് അൽ ബത്തീന ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ വാക്സിൻ കുത്തിവെപ്പ് നൽകിയത്. നോർത്ത് അൽ ബത്തീനയിൽ 509 പേർ വാക്സിൻ സ്വീകരിച്ചു.

മസ്കറ്റിൽ 302 പേരും, അൽ ബുറൈമിയിൽ 171 പേരും, അൽ ദാഖിലിയയിൽ 84 പേരും വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചു. അൽ ദഹിറാഹ് (98), മുസന്ദം (81), നോർത്ത് അൽ ശർഖിയ (89), സൗത്ത് അൽ ശർഖിയ (131), സൗത്ത് അൽ ബത്തീന (166), ദോഫാർ (66), അൽ വുസ്ത (20) എന്നിങ്ങനെയാണ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ.

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനാണ് ഒമാനിൽ നിലവിൽ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഒമാനിൽ ഡിസംബർ 27 മുതൽ കൊറോണ വൈറസ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തെ COVID-19 വാക്സിനേഷനിൽ പങ്കെടുക്കാൻ ആദ്യ ഘട്ടത്തിൽ മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങൾക്ക്, ഓരോ ഗവർണറേറ്റിലും വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.