ഖത്തർ: പഠന പദ്ധതി തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അടുത്ത ആഴ്ച്ച മുതൽ അവസരം നൽകും

Qatar

വിദ്യാർത്ഥികൾക്കായി സമ്മിശ്ര രീതിയിലുള്ളതോ, പൂർണ്ണമായും വിദൂര വിദ്യാഭ്യാസ രീതിയിലുള്ളതോ ആയ പഠനസമ്പ്രദായം തിരഞ്ഞെടുക്കാൻ, രക്ഷിതാക്കൾക്ക് അടുത്ത ആഴ്ച്ച മുതൽ അവസരം നൽകുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയവും, വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി നടത്തിയ പ്രത്യേക പത്രസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉപദേഷ്‌ടാവായ മുഹമ്മദ് അൽ ബഷ്രിയാണ് ഇക്കാര്യം അറിയിച്ചത്.

ഒറ്റത്തവണ മാത്രം തിരഞ്ഞെടുക്കാവുന്ന ഈ അവസരത്തിലൂടെ, രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികൾക്കായി നിലവിലെ സമ്മിശ്ര പഠനരീതി തുടരുന്നതിനോ, അതല്ലെങ്കിൽ പൂർണ്ണമായും ഓൺലൈൻ പഠന രീതിയിലേക്ക് മാറുന്നതിനോ തീരുമാനമെടുക്കാവുന്നതാണ്. ഈ തീരുമാനം വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിനായി ഒരുപാട് നടപടികൾ പൂർത്തിയാക്കേണ്ടതിനാൽ പഠനരീതി ശ്രദ്ധാപൂർവം തിരഞ്ഞെടുക്കാൻ അദ്ദേഹം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ പഠനരീതി സംബന്ധിച്ച് ഒരു തവണ മാത്രമായിരിക്കും രക്ഷിതാക്കൾക്ക് തീരുമാനമെടുക്കാൻ അവസരം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാലയങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ തീർത്തും സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാനം വിദ്യാർത്ഥികളിൾ കണ്ടെത്തിയ രോഗബാധ, വിദ്യാലയങ്ങൾക്ക് പുറത്ത് നിന്നുള്ള സമ്പർക്കം മൂലമുണ്ടായതാണെന്നും അദ്ദേഹം അറിയിച്ചു. വിദ്യാലയങ്ങളിൽ രോഗബാധ കണ്ടെത്തുന്ന സാഹചര്യത്തിൽ നടപ്പിലാക്കേണ്ട മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന് മുഴുവൻ വിദ്യാലയങ്ങളും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാലയങ്ങൾ തുറന്ന ശേഷം 3.5 ലക്ഷത്തിൽ പരം വിദ്യാർത്ഥികളിലും, 35000-ത്തിൽ പരം അധ്യാപകരിലുമായി 0.2 ശതമാനം പേരിൽ മാത്രമാണ് രോഗബാധ കണ്ടെത്തിയതെന്ന് ഇതേ പത്രസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സർക്കാർ വക്താവ് ഡോ. അബ്ദുല്ലതിഫ് അൽ ഖാൽ അറിയിച്ചു.