യു എ ഇ ദേശീയ ദിനാഘോഷം: അബുദാബിയിൽ പാർക്കിംഗ് സൗജന്യം; ടോൾ ഒഴിവാക്കും

featured UAE

യു എ ഇയുടെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. നവംബർ 30-നാണ് ITC ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ബഹുനില കെട്ടിടങ്ങളിലെ പാർക്കിംഗ് ഇടങ്ങളൊഴികെയുള്ള എല്ലാ മവാഖിഫ് പാർക്കിംഗ് ബേകളിലും 2022 ഡിസംബർ 1, വ്യാഴാഴ്ച മുതൽ ഡിസംബർ 5, തിങ്കളാഴ്ച 7:59 am വരെ പാർക്കിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ടെന്ന് ITC വ്യക്തമാക്കിയിട്ടുണ്ട്. ഈ കാലയളവിൽ മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലെ M18 ട്രക്ക് പാർക്കിംഗ് ലോട്ടിലും പാർക്കിംഗ് സൗജന്യമായിരിക്കും.

ടോൾ:

2022 ഡിസംബർ 1 മുതൽ ഡിസംബർ 5-ന് രാവിലെ വരെ DARB ടോൾ ഒഴിവാക്കി നൽകുമെന്നും ITC അറിയിച്ചിട്ടുണ്ട്.

ബസ്:

പൊതുഗതാഗത ബസുകൾ വാരാന്ത്യങ്ങളിലെയും, പൊതുഅവധിദിനങ്ങളിലെയും സമയക്രമം പാലിച്ച് കൊണ്ട് സർവീസ് നടത്തുന്നതാണ്. കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ ഡിസംബർ 5 വരെ അവധിയായിരിക്കും.