അൽ മക്ത പാലത്തിൽ 2022 സെപ്റ്റംബർ 9, വെള്ളിയാഴ്ച രാത്രി മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. 2022 സെപ്റ്റംബർ 8-നാണ് ITC ഇക്കാര്യം അറിയിച്ചത്.
അൽ മക്ത പാലത്തിൽ ഇരുവശത്തേക്കും ഏറ്റവും വലത് വശത്തെ 2 വരികൾ അടയ്ക്കുന്ന രീതിയിലാണ് ഈ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
2022 സെപ്റ്റംബർ 9, വെള്ളിയാഴ്ച രാത്രി 11 മണിമുതൽ 2022 സെപ്റ്റംബർ 12, തിങ്കളാഴ്ച പുലർച്ചെ 5 മണിവരെയാണ് ഈ ഗതാഗത നിയന്ത്രണം. പാലത്തിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതിന് പുറമെ, അബുദാബി – അൽ ഐൻ പാതയിൽ (E22) അബുദാബിയിലേക്കുള്ള ദിശയിൽ അൽ ഘനാദീർ സ്ട്രീറ്റിന് സമീപത്തായി ഏറ്റവും വലത് വശത്തുള്ള ലെയിൻ 2022 സെപ്റ്റംബർ 9, വെള്ളിയാഴ്ച വൈകീട്ട് 3 മണി മുതൽ 2022 സെപ്റ്റംബർ 11, ഞായറാഴ്ച വൈകീട്ട് 3 മണി വരെ അടച്ചിടുമെന്നും ITC അറിയിച്ചിട്ടുണ്ട്.
ഈ മേഖലകളിലെ റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായാണ് ഈ നിയന്ത്രണം.