സമൂഹ അകലം പാലിക്കുന്നതിൽ ചിലർ വരുത്തുന്ന വീഴ്ച്ചകൾ രോഗവ്യാപനത്തിനിടയാക്കുന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സൈദി ചൂണ്ടിക്കാട്ടി. ചിലരുടെ ഉത്തരവാദിത്വമില്ലാത്ത പ്രവർത്തനങ്ങൾ, കഴിഞ്ഞ ഏതാനം ദിനങ്ങളിലായി ഒമാനിൽ കണ്ടുവരുന്ന COVID-19 രോഗബാധിതരുടെ എണ്ണത്തിലെ വലിയ വർദ്ധനവിന് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈദ് ആഘോഷങ്ങളുടെ ഭാഗമായി ജനങ്ങൾ ഉത്തരവുകൾ മറികടന്ന് കൊണ്ട് ഒത്തുകൂടാൻ ഇടയായത് രോഗബാധയുടെ തോത് കൂട്ടിയതായി അദ്ദേഹം അറിയിച്ചു.
രോഗവ്യാപനത്തിന്റെ കണക്കുകൾ ഇത് വ്യക്തമാക്കുന്നുണ്ടെന്ന് ഡോ. അൽ സൈദി കൂട്ടിച്ചേർത്തു. റമദാനിലെ രണ്ടാമത്തെ പകുതി മുതൽ ജനങ്ങൾ സമൂഹ അകലം പാലിക്കുന്നത് പലരീതിയിലും ലംഘിക്കാനിടയായിട്ടുണ്ട്. ഇത് COVID-19 കേസുകളിലെ വർദ്ധനവിന് ഇടയാക്കി. രോഗം വ്യാപിച്ചിട്ടും പൊതുസമൂഹം ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെ ഒത്തുചേരലുകൾ തുടരുകയാണെന്ന് പറഞ്ഞ ഡോ. അൽ സൈദി അതീവ ഗുരുതരം എന്നാണ് സ്ഥിതിഗതികളെ വിലയിരുത്തിയത്. ജനങ്ങൾ സമൂഹ അകലം സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തത് കൊണ്ട് രോഗം വ്യാപിക്കുന്നത് ഗൗരവകരമായ കാര്യമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.