ഉംറ തീർത്ഥാടനത്തിനെത്തുന്നവർക്ക് പെർമിറ്റ് നിർബന്ധമാക്കിയിട്ടുള്ള വ്യവസ്ഥ റമദാന് ശേഷവും തുടരുന്നതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരം പെർമിറ്റുകൾ നുസുക്, അല്ലെങ്കിൽ തവകൽന ആപ്പുകളിലൂടെ നിലവിൽ ലഭ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഉംറ തീർത്ഥാടകർക്ക് സൗദി അറേബ്യയിൽ ഉടനീളം സഞ്ചരിക്കുന്നതിന് അനുവാദമുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ശവ്വാൽ മാസത്തിൽ ഉംറ അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.