രാജ്യത്ത് സ്വർണ്ണം, രത്‌നക്കല്ലുകൾ, മറ്റു വിലപിടിച്ച ലോഹങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ ഇവ വാങ്ങുന്ന ഉപഭോക്താക്കളുടെ സ്വകാര്യ തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഒമാൻ വാണിജ്യ, വ്യവസായ മന്ത്രാലയം (MOCIIP) നിർദ്ദേശം നൽകി. രാജ്യത്തെ ജ്വല്ലറികൾ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങൾ എന്നിവരോടാണ് MOCIIP ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തരം സ്ഥാപനങ്ങളിൽ സ്വർണ്ണം, രത്‌നക്കല്ലുകൾ, മറ്റു വിലപിടിച്ച ലോഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ പരിശോധിച്ചുറപ്പിക്കണമെന്നാണ് ജനുവരി 31-ന് MOCIIP പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതും, തീവ്രവാദവുമായി ബന്ധപ്പെട്ട ധനസമാഹരണം തടയുന്നതും ലക്ഷ്യമിട്ടുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശം.
രാജ്യത്തെ ഇത്തരം നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി വാണിജ്യ ഇടപാടുകൾ കൃത്യമായ നടപടിക്രമങ്ങളും, നിബന്ധനകളും അനുസരിച്ച് കൊണ്ട് നടപ്പിലാക്കാൻ മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.