യു എ ഇ: COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഈജിപ്തിൽ ആരംഭിച്ചു

GCC News

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (CNBG), അബുദാബി ആസ്ഥാനമായുള്ള ഗ്രൂപ്പ് 42-ഉം (G42) തമ്മിൽ സംയുക്തമായി യു എ ഇയിൽ നടപ്പിലാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഈജിപ്തിൽ ആരംഭിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. യു എ ഇയിൽ നടന്ന പരീക്ഷണങ്ങളിൽ 125 രാജ്യങ്ങളിൽ നിന്നുള്ള 31000-ത്തിൽ പരം സന്നദ്ധസേവകർ പങ്കെടുത്തിരുന്നു.

ഈ പരീക്ഷണങ്ങൾ നടപ്പിലാക്കുന്നതിനായി 4Humanity-യുടെ സേവന കേന്ദ്രം ഈജിപ്തിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂലൈ പകുതിയോടെ അബുദാബിയിൽ ആരംഭിച്ചിരുന്നു.

തുടർന്ന് ഇതേ വാക്സിൻ പരീക്ഷണങ്ങൾ യു എ ഇയ്ക്ക് പുറമെ ജോർദാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും ആരംഭിച്ചിരുന്നു. CNBG-യുടെ കൊറോണ വൈറസ് വാക്സിൻ പരീക്ഷണം നടപ്പിലാക്കുന്ന മേഖലയിലെ നാലാമത്തെ രാജ്യമാണ് ഈജിപ്ത്.

ഈജിപ്ത് ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന ഈ പരീക്ഷണങ്ങൾ യു എ ഇ, ബഹ്‌റൈൻ, ജോർദാൻ എന്നിവിടങ്ങളിൽ നടപ്പിലാക്കുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിത്തന്നെയാണ് നടത്തുന്നത്. പരീക്ഷണങ്ങളുടെ ഭാഗമായി ഈജിപ്തിൽ 6000 സന്നദ്ധസേവകർക്ക് വാക്സിൻ നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്.