യുഎഇയിൽ നടപ്പിലാക്കുന്ന COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ജോർദാനിലേക്ക് വ്യാപിപ്പിക്കുന്നു

International News

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (CNBG), അബുദാബി ആസ്ഥാനമായുള്ള ഗ്രൂപ്പ് 42-ഉം (G42) തമ്മിൽ സംയുക്തമായി യു എ ഇയിൽ നടപ്പിലാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ജോർദാനിലേക്കും വ്യാപിപ്പിക്കുന്നു. CNBG-യുടെ കൊറോണ വൈറസ് വാക്സിൻ പരീക്ഷണം നടപ്പിലാക്കുന്ന മേഖലയിലെ മൂന്നാമത്തെ രാജ്യമാണ് ജോർദാൻ. യു എ ഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ഇതേ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നിലവിൽ നടന്നുവരികയാണ്.

ജോർദാന്റെ തലസ്ഥാന നഗരമായ അമ്മാനിലാണ് ഈ വാക്സിൻ ക്ലിനിക്കൽ ട്രയലിനായുള്ള കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. CNBG-യും, G42-ഉം നടത്തുന്ന വാക്സിൻ പരീക്ഷണങ്ങൾ ആഗോളതലത്തിൽ കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജോർദാനിൽ ഈ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചിട്ടുള്ളത്.

ജോർദാനിലെ പരീക്ഷണങ്ങളിൽ സന്നദ്ധസേവകരാകാൻ താത്പര്യമുള്ളവരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുന്നതാണ്. ജോർദാനിലെ ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന ഈ പരീക്ഷണങ്ങൾ അമ്മാനിലെ പ്രിൻസ് ഹംസ ഹോസ്പിറ്റലിലാണ് ആരംഭിച്ചിട്ടുള്ളത്. യു എ ഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നടപ്പിലാക്കുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിത്തന്നെയാണ് ജോർദാനിലെ പരീക്ഷണങ്ങളും നടത്തുന്നത്.

“യു എ ഇ, G42 എന്നിവരുമായി ചേർന്ന് ഈ വാക്സിൻ പരീക്ഷണങ്ങളിൽ പങ്കാളികളാകുന്നതിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്. ഈ പരീക്ഷണങ്ങളിൽ സന്നദ്ധസേവകരാകാൻ രാജ്യത്തെ എല്ലാ നിവാസികളെയും ഞങ്ങൾ ക്ഷണിക്കുന്നു. ആഗോളതലത്തിലെ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പങ്ക് ചേരാം.”, ജോർദാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. സാദ് അൽ ജാബിർ വാക്സിൻ പരീക്ഷണങ്ങൾ നടപ്പിലാക്കുന്നതിനെ കുറിച്ച് അഭിപ്രായപ്പെട്ടു.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം അബുദാബിയിൽ ജൂലൈ 16-നാണ് ആരംഭിച്ചത്. തുടർന്ന് ഇതേ വാക്സിൻ പരീക്ഷണങ്ങൾ ബഹ്‌റൈനിൽ ഓഗസ്റ്റ് 10 മുതൽ ആരംഭിച്ചിരുന്നു.