ബഹ്‌റൈനിലെ COVID-19 വാക്സിൻ പരീക്ഷണങ്ങളുടെ ഭാഗമായി 7700 സന്നദ്ധസേവകരെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യം കൈവരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ പരീക്ഷണങ്ങളുടെ ഭാഗമായി ആദ്യം നിശ്ചയിച്ചിരുന്ന 6000 സന്നദ്ധസേവകർ എന്ന ലക്ഷ്യം സെപ്റ്റംബർ 23-ന് ബഹ്‌റൈൻ കൈവരിച്ചിരുന്നു. തുടർന്ന് കൂടുതലായി 1700 സന്നദ്ധസേവകരെ കൂടി പരീക്ഷണങ്ങളിൽ പങ്കെടുപ്പിക്കാൻ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഈ ലക്ഷ്യമാണ് ഇപ്പോൾ ബഹ്‌റൈൻ മറികടന്നത്.
മാനവികത മുൻനിർത്തി, വാക്സിൻ പരീക്ഷണങ്ങളിൽ പങ്കാളികളായവരെ ആരോഗ്യ വകുപ്പ് മന്ത്രി ഫയിഖ ബിൻത് സൈദ് അൽ സലേഹ് പ്രശംസിച്ചു. 7700 സന്നദ്ധസേവകർ എന്ന ലക്‌ഷ്യം കൈവരിക്കാനായതിൽ രാജ്യത്തിന് വലിയ അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ബഹ്‌റൈനിൽ ഈ പരീക്ഷണങ്ങൾ ആരംഭിച്ച് കേവലം എട്ട് ആഴ്ച്ചകൾക്കുള്ളിലാണ് 7700 സന്നദ്ധസേവകർ പങ്കാളികളായി ചേർന്നത്. വാക്സിൻ പരീക്ഷണങ്ങളിൽ സന്നദ്ധസേവകരായവരിൽ ബഹ്‌റൈൻ പൗരന്മാരും നിവാസികളും ഉൾപ്പെടുന്നു. പരീക്ഷണത്തിൽ പങ്കെടുത്ത് വാക്സിൻ സ്വീകരിച്ചവർക്കുള്ള രണ്ടാം ഘട്ട വാക്സിൻ, ആദ്യ കുത്തിവെപ്പിന് 3 ആഴ്ചയ്ക്ക് ശേഷമാണ് നൽകുന്നത്. ഇതിനു ശേഷം ഇവരെ തുടരെ 12 മാസത്തോളം ആരോഗ്യ നിരീക്ഷണങ്ങൾക്ക് വിധേയരാക്കുന്നതാണ്.
ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (CNBG), അബുദാബി ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് 42-ഉം (G42) തമ്മിൽ സംയുക്തമായി യു എ ഇയിൽ നടപ്പിലാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളാണ് ബഹ്‌റൈനിൽ ഓഗസ്റ്റ് 10 മുതൽ നടത്തിയത്. യു എ ഇയുമായി ചേർന്നാണ് ബഹ്‌റൈൻ ആരാഗ്യമന്ത്രാലയം രാജ്യത്ത് ഈ വാക്സിൻ പരീക്ഷണം നടപ്പിലാക്കുന്നത്.
Cover Photo: @MOH_Bahrain