ഒമാൻ: ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് കേന്ദ്രങ്ങളിലെത്തുന്നവർക്ക് മുൻ‌കൂർ ബുക്കിംഗ് നിർബന്ധം

GCC News

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, സലാല വിമാനത്താവളം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ പരിശോധനകൾക്കെത്തുന്നവർ നിർബന്ധമായും മുൻ‌കൂർ ബുക്കിംഗ് ചെയ്യേണ്ടതാണെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു. https://covid19.moh.gov.om/#/ob-drivethru എന്ന വിലാസത്തിൽ നിന്ന് ഓൺലൈനിലൂടെ ഈ പരിശോധനകൾക്ക് ബുക്കിംഗ് പൂർത്തിയാകാവുന്നതാണ്.

ഒക്ടോബർ 1 മുതലാണ് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും, സലാല വിമാനത്താവളത്തിലും, വാഹനങ്ങളിൽ ഇരുന്നു കൊണ്ട് തന്നെ കൊറോണ വൈറസ് രോഗബാധ കണ്ടെത്താവുന്ന ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചത്. പൊതുജനങ്ങൾക്ക് രോഗബാധ കണ്ടെത്തുന്നതിനായി ഈ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രത്തിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

19 റിയാലാണ് ഈ ടെസ്റ്റിന് ഈടാക്കുന്നത്. പരിശോധനാ ഫലങ്ങൾ 24 മണിക്കൂറിനകം SMS-ലൂടെയോ, ഇമെയിലിലൂടെയോ ലഭിക്കുന്നതാണ്.

ഈ ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ കണ്ടെത്തുന്നതിന് സഹായകമാകുന്ന മാപ്പുകൾ ഉൾപ്പടെയുള്ള വിവരങ്ങൾ ഒമാൻ എയർപോർട്സ് നേരത്തെ പങ്ക് വെച്ചിരുന്നു.

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറത്തുള്ള ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് കേന്ദ്രത്തിലേക്ക് വാഹനങ്ങളിൽ എത്തുന്നതിനു സഹായകമാകുന്ന വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ ഒമാൻ എയർപോർട്സ് പങ്ക് വെച്ചിട്ടുണ്ട്.