ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിനു മുകളിലെ ഹെലിപാഡിൽ വിമാനം ലാൻഡ് ചെയ്ത് കൊണ്ട് പോളിഷ് പൈലറ്റ് ലൂക്ക് ചപ്പിയെല വ്യോമാഭ്യാസ മേഖലയിൽ ചരിത്രം കുറിച്ചു. ഈ ചരിത്ര നിമിഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ 2023 മാർച്ച് 14-ന് ദുബായ് മീഡിയ ഓഫീസ് പങ്ക് വെച്ചിട്ടുണ്ട്.
2023 മാർച്ച് 14-ന് രാവിലെ 6:58-നാണ് അദ്ദേഹം ഈ അത്യന്തം ദുഷ്കരമായ ‘ബുൾസ് ഐ’ ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയത്.
അമ്പത്താറ് നിലകളുള്ള ബുർജ് അൽ അറബ് ഹോട്ടലിൽ 212 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡിലാണ് ലൂക്ക് ചപ്പിയെല വിമാനം ലാൻഡ് ചെയ്തത്.
2021 മുതൽ പോളണ്ടിൽ വെച്ച് ഗ്രൗണ്ട് ലെവലിൽ നടത്തിയ ഏതാണ്ട് 650-ലധികം പരിശീലന പറക്കലുകൾക്ക് ശേഷമാണ് കേവലം 27 മീറ്റർ മാത്രം വിസ്തൃതിയുള്ള ആകാശത്തെ ഈ ഹെലിപാഡിൽ അദ്ദേഹം തന്റെ ‘Cub Crafters STOL’ (Carbon Cub / short take-off and landing) വിമാനം ലാൻഡ് ചെയ്തത്. മണിക്കൂറിൽ 43 കിലോമീറ്റർ ആയിരുന്നു ലാൻഡ് ചെയ്യുന്ന സമയത്തെ ഈ വിമാനത്തിന്റെ വേഗത.
രണ്ട് ഫ്ലൈ-ബൈ ലാപ്പുകൾക്ക് ശേഷം മൂന്നാമത്തെ ഉദ്യമത്തിലാണ് അദ്ദേഹം ഈ ഹെലിപാഡിൽ ലാൻഡ് ചെയ്തത്.
ടച്ച്ഡൗണിന് ശേഷം കേവലം 20.76 മീറ്റർ സഞ്ചരിച്ച ശേഷം തന്റെ വിമാനം നിർത്തുന്നതിൽ ചപ്പിയെല വിജയിച്ചു.
അനുകൂല സാഹചര്യങ്ങളിൽ പെട്ടന്ന് ലാൻഡ് ചെയ്യുന്നതിന് ശേഷിയുള്ള വിമാനമാണ് ‘Cub Crafters STOL’ എന്നിരിക്കിലും, ആകാശത്ത് 212 മീറ്റർ ഉയരത്തിൽ, ഒരു ബഹുനില കെട്ടിടത്തിന് മുകളിൽ സ്ഥിതിചെയ്യുന്ന ഹെലിപാഡിൽ, ലാൻഡ് ചെയ്യാൻ സഹായിക്കുന്ന പ്രത്യേക സൂചനകൾ കൂടാതെ ഈ വിമാനം ഇറക്കിയതിലൂടെ അദ്ദേഹം വ്യോമാഭ്യാസ മേഖലയിൽ ചരിത്രം കുറിച്ചു.
മുൻ റെഡ് ബുൾ എയർ റേസ് ചാലഞ്ചർ ക്ലാസ് വേൾഡ് ചാമ്പ്യനും, എയർബസ് A320 ക്യാപ്റ്റനുമാണ് മുപ്പത്തൊമ്പതുകാരനായ ലൂക്ക് ചപ്പിയെല.
With inputs from WAM.