കളികൾ അതിരുവിടുമ്പോൾ

Editorial featured

ദിനം തോറും മനസ്സുകളെ മരവിപ്പിക്കുന്ന വാർത്തകളാണ് നാമോരോരുത്തരിലേക്കും വന്നുചേരുന്നത്. നൂതന വാർത്താ അവതരണ ശൈലിയുടെ നാടകീയതയും കൂടിയായാൽ വാർത്തകൾ കേൾക്കുകയും, കാണുകയും, വായിക്കുകയും ചെയ്യുന്ന ശരാശരി മലയാളി ആശങ്കാകുലനാകും. എവിടെ നോക്കിയാലും ഇത്തരത്തിലുള്ള വാർത്തകൾ എന്ന് തോന്നിപ്പിക്കും വിധത്തിൽ വാർത്തകളുടെ അന്വേഷണ പരമ്പര തന്നെ ചിലർ കൊണ്ടാടുന്നതും കാണാം.

അതുപോലെ വായനയിൽ ശ്രദ്ധിച്ച ഒന്നാണ് “18 വയസ്സുകാരൻ ആത്മഹത്യ ചെയ്‌തു, കാരണം വീഡിയോ ഗെയിം.” തലക്കെട്ട് പോലും വായനക്കാരന്റെ മനസ്സിനെ ചോദ്യശരംകൊണ്ട് മുറിവേൽപ്പിക്കുന്നതായിരിക്കണം എന്നാണ് പുതിയ വാർത്താ വിതരണ രീതി തന്നെ. ഉള്ളിലുള്ള കഴമ്പിനേക്കാൾ അതിനെ ഭംഗിയായി ആവരണം ചെയ്യുന്ന വിശദീകരണങ്ങളിൽ ഏതൊരു വായനക്കാരനും മാനസികമായി ആ വാർത്ത ചുഴികളിൽ അകപ്പെടുന്നു.

എന്തായാലും ഈ വാർത്തകളിലേക്ക് വരാം. ആളെക്കൊല്ലുന്ന ഗെയിമോ? പെട്ടന്ന് മനസ്സിൽ പണ്ടത്തെ ബ്ലൂ വെയിൽ എന്ന കൊലയാളി കളിയെക്കുറിച്ചാണ് ചിന്തിച്ചത്. എന്നാൽ ഇതല്ല, അതുക്കും മേലെ കുട്ടികളുടെ ചിന്തയെയും, ശ്രദ്ധയെയും, മാനുഷിക പരിഗണനകളെയും ചാമ്പലാക്കാൻ ശേഷിയുള്ള മയക്ക് മരുന്നുപോലെ സിരകളെ മത്ത് പിടിപ്പിക്കുന്ന മറ്റൊരു ലഹരി, അതാണ് ഇന്നിറങ്ങുന്ന പല വീഡിയോ ഗെയിമുകളും.

ഓൺലൈൻ ആയി ഒന്നിൽ കൂടുതൽ ആളുകൾക്ക് ഇത്തരം ഗെയിമുകളിൽ പങ്കെടുക്കാം എന്നത് ഇന്റർനെറ്റ് ഉപയോഗം ഒരു നിർബന്ധമുള്ള ഘടകമാക്കുന്നു. ഗെയിമിന്റെ പുരോഗതി ഉറപ്പുവരുത്തുന്നതിന് ഫോണിൽ പണം നിറയ്‌ക്കേണ്ടതും അവരുടേതായ ലോകത്തെ അത്യാവശ്യങ്ങളായി മാറുന്നു. വീട്ടിൽ അന്നത്തിന് വക കുറഞ്ഞാലും മക്കളുടെ സന്തോഷം നടക്കട്ടെ എന്ന് കരുതുന്ന മാതാപിതാക്കൾക്ക് അപകടം വരുന്നത് വരെ കുട്ടികളുടെ ഇത്തരം അത്യാവശ്യങ്ങളെ മനസ്സിലാക്കുന്നില്ല, അല്ലങ്കിൽ നിർബന്ധിതരാകുന്നു.

വീടുകളിൽ പരസ്പരം സംസാരം കുറഞ്ഞുവരുന്നു. യാതൊന്നും തങ്ങളെ ബാധിക്കുന്നില്ല എന്ന രീതിയിൽ കുട്ടികൾ മുറിയിൽ തന്നെ ചടഞ്ഞിരുന്നു കമ്പ്യൂട്ടറിലോ, മൊബൈലിലോ തളയ്ക്കപ്പെടുന്നു. മാനസ്സികമായി തോൽവിയെ ഏറ്റുവാങ്ങാൻ കഴിയാത്ത കുട്ടികൾ ആദ്യമാദ്യം ഇത്തരം ഗെയിമുകളെ കളിയായും, പിന്നീട് കാര്യമായും എടുക്കുന്നു; മനസ്സിനെ സമ്മർദ്ദത്തിലാക്കി ഗെയിമിൽ ജയിക്കാനുള്ള മത്സര ഓട്ടത്തിനിടയിൽ തിരിച്ചറിയാൻ എളുപ്പമല്ലാത്ത വിവിധതരം പണത്തിന്റെ സമ്മർദ്ദങ്ങളും, ചതിക്കുഴികളിലും പെട്ട് ജീവിത പന്തയത്തിൽ തോറ്റുമടങ്ങുന്നു.

വീടുകൾ സജ്ജമാകേണ്ട സമയമാണ് നമുക്ക് മുന്നിൽ ഉള്ളത്. പരസ്പരം സംസാരിക്കാനുള്ള ക്ഷമ ഓരോ വീടുകളിലും വളർന്നു വരേണ്ടത് ഇത്തരം മാനസ്സിക സമ്മർദ്ദ അവസ്ഥകൾ പരിഹരിക്കാൻ സഹായിക്കും. “അതിനെവിടെയാണ് ഈ തിരക്കുള്ള ജീവിതത്തിൽ സമയം!” എന്ന് ചിന്തിക്കുന്നവർക്ക് നഷ്ടപ്പെടുത്തുന്ന സമയം മാത്രം കണക്കുകൂട്ടിയാൽ ജീവിതത്തിൽ, ‘സമയമല്ല’ മറിച്ച് നമ്മുടെ ചിന്താഗതിയാണ് മാറ്റേണ്ടതെന്ന് മനസ്സിലാക്കാം.