വിദേശത്തുള്ള റസിഡന്റ് വിസക്കാർക്ക് ദുബായിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ എന്തെല്ലാം?

UAE

നിലവിൽ വിദേശങ്ങളിൽ തുടരുന്ന റസിഡന്റ് വിസക്കാർക്ക് ജൂൺ 22, തിങ്കളാഴ്ച്ച മുതൽ എമിറേറ്റിലെ വിമാനത്താവളം വഴി ദുബായിൽ പ്രവേശിക്കുന്നതിന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അനുമതി നൽകിയ പശ്ചാത്തലത്തിൽ, ഇപ്രകാരം മടങ്ങുന്നതിനു ആവശ്യമായ നടപടികൾ എന്തൊക്കെയാണെന്ന് ഒന്ന് വിശകലനം ചെയ്യാം.

എമിറേറ്റിലേക്ക് മടങ്ങുന്നതിനായി, ദുബായിലെ ജനറൽ ഡിറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (GDRFA) അനുമതി നേടുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ദുബായിൽ നിന്ന് അനുവദിച്ച റെസിഡൻസി വിസ ഉള്ളവർക്ക് https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitServiceForm.aspx എന്ന വിലാസത്തിലൂടെ ഈ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്.

ഈ അനുവാദത്തിനായി ആദ്യം ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൽ (ICA) രജിസ്റ്റർ ചെയ്യുന്നതിനായിരുന്നു നിർദ്ദേശിച്ചിരുന്നതെങ്കിലും, ദുബായിൽ അനുവദിച്ച വിസകൾക്ക് GDRFA വഴി ഈ അനുവാദം നേടാവുന്നതാണ്. അനുവാദം ലഭിക്കുന്നവർക്ക് ദുബായിലേക്ക് വിമാനടിക്കറ്റ് എടുക്കാവുന്നതാണ്.
വിമാനടിക്കറ്റ് എടുക്കുന്നതിനു GDRFA അപ്ലിക്കേഷൻ നമ്പർ ആവശ്യമാണ്. ദുബായ് എയർപോർട്ടിൽ നിന്ന് പ്രവർത്തിക്കുന്ന വിമാന കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ടിക്കറ്റുകൾ പ്രീ-ബുക്ക് ചെയ്യാവുന്നതാണ്.

ഇവ രണ്ടും ലഭിച്ച ശേഷം, സ്വന്തം ആരോഗ്യ വിവരങ്ങളെക്കുറിച്ചും, ദുബായിൽ എത്തിയാൽ ക്വാറന്റീനിൽ തുടർന്ന് കൊള്ളാം എന്നും അറിയിക്കുന്ന രണ്ട് സത്യവാങ്മൂലങ്ങൾ യാത്രികർ തയാറാക്കേണ്ടതാണ്. ഇവ ദുബായ് എയർപോർട്ടിൽ വെച്ച് DHA ജീവനക്കാർക്ക് നൽകേണ്ടതാണ്.

ദുബായിൽ വെച്ച് COVID-19 ബാധിക്കുകയാണെങ്കിൽ ചികിത്സകൾക്കും, പരിശോധനകൾക്കും ആവശ്യമായ തുക സ്വയം വഹിക്കാമെന്ന് മുൻകൂട്ടി സമ്മതപത്രം തയ്യാറാക്കേണ്ടതാണ്. ദുബായിലെത്തുന്നവർ COVID-19 DXB സ്മാർട്ട് ആപ്പ് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്.

ദുബായിലേക്ക് യാത്ര ചെയ്യുന്നതിന് PCR ടെസ്റ്റ് നിർബന്ധമല്ലെങ്കിലും, ദുബായ് എയർപോർട്ടിൽ വെച്ച് ഈ പരിശോധന നിർബന്ധമായും നടത്തേണ്ടതാണ്. ഇതിന്റെ ഫലം അറിയുന്നത് വരെ യാത്രികർ വീടുകളിൽ തുടരണം. COVID-19 സ്ഥിരീകരിക്കുന്നവർ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്.

എല്ലാ യാത്രികർക്കും മാസ്കുകൾ, സമൂഹ അകലം എന്നിവ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.