ദുബായ്: 60000 ദിർഹത്തിനു മുകളിൽ മൂല്യമുള്ള പണം, ആഭരണങ്ങൾ എന്നിവയ്ക്ക് കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധം

featured UAE

60000 ദിർഹം, അല്ലെങ്കിൽ അതിനു മുകളിൽ മൂല്യമുള്ള കറൻസി, ആഭരണങ്ങൾ മുതലായവയുമായി ദുബായിലേക്കോ, ദുബായിൽ നിന്ന് വിദേശത്തേക്കോ സഞ്ചരിക്കുന്ന യാത്രികർ നിർബന്ധമായും, ഇവ സംബന്ധിച്ച് ഡിക്ലറേഷൻ നൽകണമെന്ന് ദുബായ് കസ്റ്റംസ് വ്യക്തമാക്കി. ദുബായ് കസ്റ്റംസ് പ്രസിദ്ധീകരിച്ചിട്ടുള്ള കസ്റ്റംസ് പാസഞ്ചർ ഗൈഡിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ദുബായ് കസ്റ്റംസിന്റെ കോർപ്പറേറ്റ് വെബ്‌സൈറ്റിൽ (https://www.dubaicustoms.gov.ae/ar/Pages/default.aspx) നിന്ന് യാത്രികർക്ക് ഈ കസ്റ്റംസ് പാസഞ്ചർ ഗൈഡ് ലഭ്യമാണ്. ദുബായിലേക്കോ, ദുബായിൽ നിന്ന് വിദേശത്തേക്കോ ഉള്ള യാത്രകളിൽ യാത്രികർക്ക് തങ്ങളുടെ കൈവശം വെക്കുന്നതിന് അനുവദിച്ചിട്ടുള്ള സാധനങ്ങൾ, നിയന്ത്രിത സാധനങ്ങൾ, കസ്റ്റംസ് തീരുവകളിൽ നിന്നും നികുതികളിൽ നിന്നും ഒഴിവാക്കപ്പെട്ട ബാഗേജ് എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എല്ലാ യാത്രക്കാർക്കും സുരക്ഷിതവും സുഖകരവുമായ യാത്രാ അനുഭവം ഉറപ്പുവരുത്തുന്നതിനായി നൂതന മോണിറ്റർ, പരിശോധനാ സംവിധാനങ്ങൾ എന്നിവയ്‌ക്കൊപ്പം യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും സേവനങ്ങളും നൽകാൻ ദുബായ് കസ്റ്റംസ് ശ്രമിക്കുന്നതായും അധികൃതർ വ്യക്തമാക്കി.

ദുബായ് കസ്റ്റംസ് പാസഞ്ചർ ഗൈഡ് പ്രകാരം യാത്രികർ താഴെ പറയുന്ന വിവരങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:

  • ദുബായിലേക്കോ, ദുബായിൽ നിന്ന് വിദേശത്തേക്കോ സഞ്ചരിക്കുന്ന 18 വയസും, അതിനു മുകളിൽ പ്രായമുള്ളവരുമായ എല്ലാ യാത്രികരും തങ്ങളുടെ കൈവശമുള്ള 60000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള പണം, ചെക്ക്, വിലയേറിയ ആഭരണങ്ങൾ മുതലയായവ സംബന്ധിച്ച് നിർബന്ധമായും ഡിക്ലറേഷൻ നൽകേണ്ടതാണ്.
  • 18 വയസ്സിന് താഴെയുള്ള യാത്രക്കാരുടെ കൈവശമുള്ള പണം അവരുടെ രക്ഷിതാക്കൾ വഹിക്കുന്നതിനോട് ചേർക്കുന്നതാണ്.
  • പരമാവധി 3000 ദിർഹം മൂല്യമുള്ള വ്യക്തിഗത സമ്മാനങ്ങൾക്ക് കസ്റ്റംസ് ഇളവ് അനുവദിച്ചിട്ടുണ്ട്.
  • പരമാവധി 400 സിഗരറ്റുകൾ, 50 സിഗാറുകൾ, 500 ഗ്രാം പുകയില എന്നിവ കൈവശം വെക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ഇതിന് മുകളിൽ മൂല്യമുള്ള എല്ലാം കസ്റ്റംസ് തീരുവയ്ക്ക് വിധേയമാണ്.
  • വ്യക്തിഗത ആവശ്യങ്ങൾക്കുള്ള സമ്മാനങ്ങൾക്ക് മാത്രമാണ് കസ്റ്റംസ് തീരുവയിൽ ഇളവ് അനുവദിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള വസ്തുക്കൾക്ക് ഈ ഇളവ് അനുവദിക്കുന്നതല്ല. യാത്രികരുടെ കൈവശമുള്ള സാധനങ്ങളുടെ മൂല്യവും അളവും അടിസ്ഥാനമാക്കി ഇത് തീരുമാനിക്കുന്നതാണ്.
  • വളർത്തുമൃഗങ്ങൾ, തൈകൾ, സിനിമാ ചിത്രീകരണത്തിനും മറ്റുമുള്ള ക്യാമറകൾ, ഉപകരണങ്ങൾ, പ്രിന്റുകൾ തുടങ്ങിയവ, മേക്കപ്പ് ഉൽപ്പന്നങ്ങൾ, ചിക്കൻ, ഫ്രോസൺ പക്ഷികൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ, വയർലെസ് ഉപകരണങ്ങൾ, ഡ്രോണുകൾ എന്നിവയ്ക്ക് മുൻകൂർ അനുമതി ആവശ്യമാണ്.
  • 3 മാസത്തിൽ കൂടുതൽ കഴിക്കുന്നതിനായി ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള മരുന്നുകൾ യാത്രികർക്ക് തങ്ങളുടെ കൈവശം കരുതുന്നതിനുള്ള അനുമതി കസ്റ്റംസ്, യു എ ഇ ആരോഗ്യ മന്ത്രാലയം എന്നിവർ സംയുക്തമായി നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരം മരുന്നുകൾ കൈവശം കരുതുന്നതിന് ഒരു ഔദ്യോഗിക ആശുപത്രിയുടെയോ, ഡോക്ടറുടെയോ കുറിപ്പടി (ഇതിൽ മരുന്നിനെക്കുറിച്ചും യാത്രക്കാരന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും വ്യക്തമായി പരാമർശിച്ചിരിക്കണം) നിർബന്ധമാണ്. ഇത്തരം മരുന്നുകൾ അവയുടെ യഥാർത്ഥ പാക്കുകളിൽ സൂക്ഷിച്ചിരിക്കണം. ഈ മരുന്നുകളുടെ കാലഹരണ തീയതികൾ പാക്കുകളിൽ വ്യക്തമായിരിക്കണം.
  • നസ്വർ, പാൻ തുടങ്ങിയ മയക്കുമരുന്ന് വസ്തുക്കൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

2021-2026 കാലയളവിൽ ദുബായ് കസ്റ്റംസ് 5 വർഷത്തെ പദ്ധതിയുടെ ഭാഗമായി യാത്രക്കാർക്ക് കസ്റ്റംസ് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിൽ പാസഞ്ചർ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പാസഞ്ചർ ഓപ്പറേഷൻസ് വകുപ്പ് ഡയറക്ടർ ഇബ്രാഹിം കമാലി അറിയിച്ചു. “അവർ സന്തുഷ്ടരാണെന്നും അവർക്ക് മനോഹരമായ യാത്രാനുഭവമുണ്ടെന്നും ഉറപ്പുവരുത്താൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു, അത് യുഎഇയുടെ യഥാർത്ഥ ആതിഥ്യത്തെ പ്രതിഫലിപ്പിക്കുന്നു. അതേ സമയം, മയക്കുമരുന്നുകളുടെയും നിരോധിത വസ്തുക്കളുടെയും അപകടങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള ഏതെങ്കിലും ലംഘനങ്ങൾക്കെതിരെ ഞങ്ങൾ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്നു.”

“നിലവിലെ സാഹചര്യങ്ങളിൽ ഐഡിക്ലെയർ സ്മാർട്ട് ആപ്ലിക്കേഷൻ കൂടുതൽ പ്രാധാന്യം നേടുന്നു. കാരണം ഇത് ഇൻകമിംഗ് യാത്രക്കാരെ അവരുടെ സാധനങ്ങൾ മുൻകൂട്ടി പ്രഖ്യാപിക്കാൻ സഹായിക്കുന്നു. കൂടാതെ ലോകമെമ്പാടുമുള്ള മുൻനിര വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്നതിന് മുമ്പ് അവർക്ക് അവരുടെ ഇടപാടുകൾ പൂർത്തിയാക്കാൻ അഭ്യർത്ഥിക്കാം. ഇത് അവരുടെ കാത്തിരിപ്പ് സമയം 4 മിനിറ്റിൽ താഴെയാക്കുന്നു. ആപ്പ് ഗൂഗിൾ പ്ലേയിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്. രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാരോടും അവരുടെ സാധനങ്ങൾ വെളിവാക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. കൂടാതെ നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കാൻ മറ്റ് ആളുകളുടെ പേരിൽ ലഗേജുകൾ കൊണ്ടുപോകരുത്”, അദ്ദേഹം കൂട്ടിച്ചേർത്തു.

WAM