ഖത്തർ എയർവേസ്, ഹമദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവരെ എക്സ്പോ 2023-ന്റെ ഔദ്യോഗിക പങ്കാളികളായി പ്രഖ്യാപിച്ചു

Qatar

ഖത്തർ എയർവേസ്, ഹമദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവരെ എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷന്റെ ഔദ്യോഗിക പങ്കാളികളായി പ്രഖ്യാപിച്ചു. 2023 ഏപ്രിൽ 13-ന് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിച്ച ഒരു പ്രത്യേക ചടങ്ങിലാണ് ഖത്തർ എയർവേസ്, ഹമദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവർ എക്സ്പോ 2023 ദോഹ അധികൃതരുമായി ഇതിനുള്ള കരാറിൽ ഒപ്പ് വെച്ചത്.

Source: Expo 2023 Doha.

എക്സ്പോ 2023 ദോഹ പ്രദർശനവുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഈ സഹകരണം സഹായകമാകുമെന്നാണ് കരുതുന്നത്.

Source: Expo 2023 Doha.

എക്സ്പോ 2023 ദോഹ പ്രദർശനത്തിൽ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് യാത്രാ സൗകര്യങ്ങൾ നൽകുന്നതിനും, ഖത്തറിനെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി ഉയർത്തിക്കാട്ടുന്നതിനും ആവശ്യമായ നടപടികൾ ഇതിന്റെ ഭാഗമായി ഖത്തർ എയർവേസ്, ഹമദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവർ കൈക്കൊള്ളുന്നതാണ്.

179 ദിവസം നീണ്ട് നിൽക്കുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഒക്ടോബർ 2-നാണ് ആരംഭിക്കുന്നത്. 2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെയാണ് എക്സ്പോ 2023 ദോഹ സംഘടിപ്പിക്കുന്നത്. അൽ ബിദ്ദ പാർക്കിൽ വെച്ചാണ് ഈ പ്രദർശനം ഒരുക്കുന്നത്.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന ഏറ്റവും വലുതും, ആദ്യത്തെയുമായ ഹോർട്ടികൾച്ചറൽ എക്സിബിഷനിൽ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് ദശലക്ഷത്തിലധികം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Cover Image: Qatar News Agency.