ഓഗസ്റ്റ് 13 മുതൽ ഏതാനം വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രികർക്ക് COVID-19 RT-PCR നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാക്കിയതായി ഖത്തർ എയർവേസ് അറിയിച്ചു. മുഴുവൻ യാത്രികരുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം എന്നും, ചെക്ക്-ഇൻ സമയത്ത് COVID-19 PCR നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന രേഖ നിർബന്ധമാണെന്നും ഖത്തർ എയർവേസ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്.
നിലവിൽ ബംഗ്ലാദേശ്, ബ്രസീൽ, ഇറാൻ, ഇറാക്ക്, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനത്താവളങ്ങളിൽ ഈ നിബന്ധന പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇന്ത്യ, നേപ്പാൾ, നൈജീരിയ, റഷ്യ എന്നിവിടിങ്ങളിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾ ആരംഭിക്കുന്ന വേളയിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ളവർക്കും കൊറോണ വൈറസ് പരിശോധനാ ഫലങ്ങൾ നിർബന്ധമായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നത് മുതൽ കേരളത്തിൽ താഴെ പറയുന്ന വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രികർക്ക് പരിശോധനകൾ നടത്താവുന്ന അംഗീകൃത ലാബുകളുടെ വിവരങ്ങളും ഖത്തർ എയർവേസ് അറിയിച്ചിട്ടുണ്ട്.
- കൊച്ചി വിമാനത്താവളം (Cochin – COK) – Medivision Scan & Diagnostic Research Centre
- കോഴിക്കോട് വിമാനത്താവളം (Kozhikode – CCJ) – Aza Diagnostics Center
- തിരുവനന്തപുരം വിമാനത്താവളം (Trivandrum – TRV) – DDRC Test Lab
കേരളത്തിലെ ഈ വിമാനത്താവളങ്ങൾക്ക് പുറമെ അഹമ്മദാബാദ് (AMD), അമൃതസർ (ATQ), ബാംഗ്ലൂർ (BLR), ചെന്നൈ (MAA), ഗോവ (GOI), ഹൈദരാബാദ് (HYD), കൊൽക്കത്ത (CCU), നാഗ്പുർ (NAG), ന്യൂ ഡൽഹി (DEL), മുംബൈ (BOM) എന്നീ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രികർക്കും COVID-19 PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
ഈ നിബന്ധന ഏർപ്പെടുത്തിയിട്ടുള്ള വിമാനത്താവളങ്ങളുടെയും, അംഗീകൃത ലാബുകളുടെയും വിവരങ്ങൾ https://www.qatarairways.com/en/travel-alerts/COVID-19-update.html എന്ന വിലാസത്തിൽ, ‘Passenger Alerts’ > ‘RT-PCR Medical Test Requirement’ എന്നതിന് കീഴെ ലഭ്യമാണ്.
യാത്രയ്ക്ക് മുൻപ്, 72 മണിക്കൂറിനുള്ളിൽ ലഭിച്ച PCR നെഗറ്റീവ് സർട്ടിഫിക്കറ്റുകളാണ് ഹാജരാകേണ്ടത്. ഇതിനായുള്ള ചെലവുകൾ യാത്രികർ വഹിക്കേണ്ടതാണ്. PCR നെഗറ്റീവ് രേഖകളും, https://www.qatarairways.com/content/dam/documents/QR-consent-form-PCR.pdf എന്ന വിലാസത്തിൽ ലഭ്യമാക്കിയിട്ടുള്ള പൂരിപ്പിച്ച സമ്മതപത്രവും ഹാജരാക്കുന്നവർക്ക് മാത്രമേ ഖത്തർ എയർവേസ് വിമാനങ്ങളിൽ യാത്രാനുമതി നൽകുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി. COVID-19 നെഗറ്റീവ് റിസൾട്ട് ഉള്ള മുതിർന്ന കുടുംബാംഗത്തോടൊപ്പം യാത്ര ചെയ്യുന്ന 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് മാത്രമാണ് ഈ നിബന്ധനയിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.