2022 ജനുവരി 2, ഞായറാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തെ വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഈ കാലയളവിൽ രാജ്യത്തെ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക് നേരിട്ടെത്തുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
2021 ഡിസംബർ 31-ന് വൈകീട്ടാണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കിന്റർഗാർട്ടനുകൾക്കും, മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.
രാജ്യത്തെ നിലവിലെ COVID-19 വ്യാപന സാഹചര്യങ്ങൾ കണക്കിലെടുത്താണ് സുരക്ഷിതമായ അധ്യയനം ഉറപ്പ് വരുത്തുന്നതിനായി ഇത്തരം ഒരു തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഖത്തർ ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവർ ഈ കാലയളവിൽ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതാണ്. ഈ തീരുമാനവുമായി സഹകരിക്കാനും, കുട്ടികൾ ഓൺലൈൻ പഠനം കൃത്യമായി നേടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും മന്ത്രാലയം രക്ഷിതാക്കളോട് ആഹ്വാനം ചെയ്തു.