ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടിയന്തിര വാക്സിനേഷൻ നടപടികളിൽ ഉപയോഗിക്കുന്നതിന് ഖത്തർ അനുമതി നൽകി. ആദ്യ ബാച്ച് വാക്സിൻ രാജ്യത്ത് ലഭ്യമായ സാഹചര്യത്തിലാണ് ഡിസംബർ 21-ന് ഫൈസർ വാക്സിനു അടിയന്തിര അനുമതി നൽകാൻ ഖത്തർ തീരുമാനിച്ചത്.
വാക്സിൻ സംബന്ധിച്ച സമഗ്രമായ വിശകലനങ്ങൾക്കും, പരിശോധനകൾക്കും ശേഷം ഖത്തർ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്മെന്റ് ഓഫ് ഫാർമസി ആൻഡ് ഫാർമസ്യൂടിക്കൽ കൺട്രോൾ ഫൈസർ, ബയോ എൻ ടെക് വാക്സിന് അംഗീകാരം നൽകാൻ തീരുമാനിക്കുകയായിരുന്നു. ലോകത്തെമ്പാടും ഈ വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ കുത്തിവെപ്പ് നൽകിയ സന്നദ്ധസേവകരുടെ കണക്കുകളും അധികൃതർ സമഗ്രമായി പരിശോധിച്ചിരുന്നു.
വാക്സിന്റെ സുരക്ഷ, സഫലത തുടങ്ങിയ നിരവധി ഘടകങ്ങൾ വിശകലനം ചെയ്ത ശേഷമാണ് അധികൃതർ ഫൈസർ വാക്സിനു അടിയന്തിര അനുമതി നൽകിയിട്ടുള്ളത്. വിലയിരുത്തലുകൾക്ക് ശേഷം ഈ വാക്സിൻ സുരക്ഷിതമാണെന്നാണ് ഖത്തർ ഔദ്യോഗികമായി തീരുമാനിച്ചത്. രാജ്യത്ത് വാക്സിൻ ലഭ്യമാക്കുന്നതിനായി ഖത്തർ ഫൈസർ – ബയോഎൻടെക്, മോഡേണ എന്നീ കമ്പനികളുമായി നിലവിൽ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.