COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ഡിസംബർ 17, വെള്ളിയാഴ്ച്ചയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
വിദേശയാത്രയ്ക്ക് ശേഷം ഖത്തറിൽ മടങ്ങിയെത്തിയ പൗരന്മാരും, പ്രവാസികളുമായ നാല് പേരിലാണ് ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിൽ മൂന്ന് പേർ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരാണ്.
ഇവരെ ക്വാറന്റീൻ ചെയ്തതായും, ഇവർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവർ രോഗമുക്തി നേടി, PCR പരിശോധനയിൽ നെഗറ്റീവ് ആകുന്നത് വരെ ക്വാറന്റീനിൽ തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും, താഴെ പറയുന്ന നിർദ്ദേശങ്ങൾ പിന്തുടരാനും ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തിട്ടുണ്ട്:
- എത്രയും വേഗം വാക്സിനേഷൻ നടപടികൾ, ബൂസ്റ്റർ കുത്തിവെപ്പ് ഉൾപ്പടെ, പൂർത്തിയാക്കേണ്ടതാണ്.
- COVID-19 രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ എത്രയും വേഗം ടെസ്റ്റുകൾ നടത്തേണ്ടതാണ്.
- നിലവിൽ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കേണ്ടതാണ്.
രാജ്യത്ത് ഇതുവരെ ഏതാണ്ട് രണ്ട് ലക്ഷത്തോളം പേർ ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. ഇവരിൽ പാര്‍ശ്വഫലങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
മേഖലയിൽ യു എ ഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലും ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.