ഖത്തർ: പൊതുമാപ്പ് കാലാവധി ഏപ്രിൽ 30 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം

featured GCC News

രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി 2022 ഏപ്രിൽ 30 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ഏപ്രിൽ 10-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തേക്കുള്ള പ്രവാസികളുടെ എൻട്രി, എക്സിറ്റ് എന്നിവ സംബന്ധിച്ച ’21/2015′ എന്ന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് ഈ പൊതുമാപ്പ് കാലയളവിനുള്ളിൽ ഇത്തരം ലംഘനങ്ങൾ ഒത്തുതീര്‍പ്പാക്കുവുന്നതാണ്. 2021 ഒക്ടോബർ 10 മുതൽ ആരംഭിച്ച ഈ പൊതുമാപ്പ് പദ്ധതിയുടെ കാലാവധി മാർച്ച് 31-ന് അവസാനിക്കുമെന്നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്.

രാജ്യത്തെ പ്രവാസികളുമായി ബന്ധപ്പെട്ട എൻട്രി ആൻഡ് എക്സിറ്റ് നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയിൽ വീഴ്ച്ചകൾ വരുത്തിയ ശേഷം ഖത്തറിൽ തുടരുന്ന തൊഴിലാളികൾക്ക് അത്തരം ലംഘനങ്ങൾ ഒത്തുതീര്‍പ്പാക്കുന്നതിനും, രേഖകൾ ഔദ്യോഗികമായി ശരിയാക്കുന്നതിനും ഇപ്പോൾ 2022 ഏപ്രിൽ 30 വരെ അവസരം ലഭിക്കുന്നതാണ്.

ഇത്തരം രേഖകൾ തിരുത്തി നേടുന്നതിനുള്ള അപേക്ഷകൾ പ്രവാസികൾക്കോ, തൊഴിലുടമകൾക്കോ ഈ കാലയളവിൽ സെർച്ച് ആൻഡ് ഫോളോഅപ്പ് ഡിപ്പാർമെന്റിലോ സേവനകേന്ദ്രങ്ങളിലോ നൽകാവുന്നതാണ്. ഒരേ തൊഴിലുടമയ്ക്ക് കീഴിൽ തന്നെ ഇത്തരം രേഖകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ അൽ ഷാംയാൽ, അൽ ഖോർ, അൽ ദായേൻ, ഉം സുലാൽ, ദി പേൾ, ഉനൈസ, സൗഖ് വാഖിഫ്, അൽ റയ്യാൻ, ഉം സുനൈമ്, ശഹാനിയ, മിസായിമീർ, വക്ര, ദുഖാൻ എന്നിവിടങ്ങളിലെ സേവനകേന്ദ്രങ്ങളിൽ സമർപ്പിക്കാവുന്നതാണ്.

ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് ഇത്തരം രേഖകൾ മാറ്റിക്കൊണ്ട് ഇത്തരം ലംഘനങ്ങൾ തിരുത്തുന്നതിനുള്ള അപേക്ഷകൾ ഉം സുലാൽ സർവീസ് സെന്റർ, ഉം സുനൈമ് സർവീസ് സെന്റർ, അൽ വക്ര സർവീസ് സെന്റർ, അൽ റയ്യാൻ സർവീസ് സെന്റർ, മിസായിമീർ തുടങ്ങിയ സേവനകേന്ദ്രങ്ങളിൽ നൽകാവുന്നതാണ്. മേല്പറഞ്ഞ കേന്ദ്രങ്ങളിൽ ഏപ്രിൽ 30 വരെയുള്ള പൊതുമാപ്പ് കാലയളവിൽ പ്രവർത്തിദിനങ്ങളിൽ ഉച്ചയ്ക്ക് 1 മണിമുതൽ വൈകീട്ട് 5 മണിവരെ ഇത്തരം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.