ഖത്തർ: COVID-19 വാക്സിനേഷൻ ലഭിക്കുന്നതിനുള്ള പ്രവാസികളുടെ പ്രായപരിധി 50 വയസ്സാക്കി കുറച്ചു

GCC News

ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി പ്രവാസികൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 60-ൽ നിന്ന് 50 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരമാവധി പേർക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

ഇതോടെ 50 വയസ്സിനു മുകളിൽ പ്രായമുള്ള മുഴുവൻ പ്രവാസികൾക്കും വാക്സിനേഷനിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. എല്ലാ പ്രായത്തിലുള്ള ഖത്തർ പൗരമാർക്കും വാക്സിൻ കുത്തിവെപ്പിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നനങ്ങളുള്ള പ്രവാസികൾക്കും വാക്സിൻ കുത്തിവെപ്പിന് അപേക്ഷിക്കാവുന്നതാണ്. ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ വിഭാഗം ചീഫ് ഡോ. സോഹ അൽ ബയാതാണ് ഇക്കാര്യം അറിയിച്ചത്.

ഈ തീരുമാനത്തോടെ സമൂഹത്തിലെ കൂടുതൽ വിഭാഗങ്ങളിലേക്ക് COVID-19 വാക്സിൻ ലഭ്യമാക്കുന്നതിന് സാധിക്കുമെന്ന് അവർ വ്യക്തമാക്കി. വാക്സിനേഷനിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുന്ന രീതിയിൽ വരും നാളുകളിൽ പ്രായപരിധി വീണ്ടും പുനഃക്രമീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

വാക്സിനേഷനിൽ പങ്കെടുക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. https://app-covid19.moph.gov.qa/en/instructions.html എന്ന വിലാസത്തിൽ ഈ നടപടി പൂർത്തിയാക്കാവുന്നതാണ്.