വിദേശത്ത് നിന്നുള്ള സന്ദർശകരുടെ ഹയ്യ കാർഡിന്റെ സാധുത 2024 ജനുവരി 24 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 ജനുവരി 30-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇതോടെ ഹയ്യ കാർഡ് കൈവശമുള്ള, ഖത്തർ നിവാസികളല്ലാത്ത വിദേശികളായ ഫുട്ബാൾ ആരാധകർക്കും, സംഘാടകർക്കും, ഈ കാലയളവിൽ ഏതാനം മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട്, ഖത്തറിലേക്ക് പ്രവേശിക്കാവുന്നതാണ്.
താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ടാണ് ഹയ്യ കാർഡ് കൈവശമുള്ള, ഖത്തർ നിവാസികളല്ലാത്ത വിദേശികൾക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുന്നത്:
- ഇത്തരം സന്ദർശകർ, ഖത്തർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന കാലയളവിൽ, ഖത്തറിലെ തങ്ങളുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്കൊപ്പമോ, അല്ലെങ്കിൽ ഒരു ഹോട്ടലിലോ താമസം ഉറപ്പ് വരുത്തേണ്ടതും, ഇത് സംബന്ധിച്ച രേഖകൾ ഹയ്യ പോർട്ടലിൽ നൽകേണ്ടതുമാണ്.
- ഇത്തരം സന്ദർശകർക്ക് ഏറ്റവും ചുരുങ്ങിയത് മൂന്ന് മാസത്തെ സാധുതയുള്ള പാസ്സ്‌പോർട്ട് നിർബന്ധമാണ്.
- ഖത്തറിൽ തുടരുന്ന കാലയളവിൽ പരിരക്ഷ ഉറപ്പ് വരുത്തുന്ന ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണം.
- ഖത്തറിൽ നിന്ന് മടങ്ങാനുള്ള റിട്ടേൺ ടിക്കറ്റ് ഉണ്ടായിരിക്കണം.
ഇത്തരം നിബന്ധനകൾ പാലിച്ച് കൊണ്ട് ഖത്തറിലേക്ക് പ്രവേശിക്കുന്ന ഹയ്യ കാർഡ് കൈവശമുള്ള സന്ദർശകർക്ക് ഈ പദ്ധതിയുടെ കാലയളവിൽ ഖത്തറിലേക്ക് ഒന്നിലധികം തവണ പ്രവേശിക്കാവുന്ന മൾട്ടി-എൻട്രി പെർമിറ്റ് ലഭിക്കുന്നതാണ്. ഇവർക്ക് ‘ഹയ്യ വിത്ത് മീ’ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് മൂന്ന് കുടുംബാംഗങ്ങളെയോ, സുഹൃത്തുക്കളെയോ ഖത്തറിലേക്ക് ക്ഷണിക്കാവുന്നതാണ്.
ഇവർക്ക് ഖത്തറിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ഇ-ഗേറ്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്. പ്രത്യേക ഫീസ് ഒന്നും ഈടാക്കാതെയാണ് ഈ സേവനം പ്രഖ്യാപിച്ചിരിക്കുന്നത്.
ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുള്ള എല്ലാ വിഭാഗം ഹയ്യ കാർഡുകൾക്കും മേൽപ്പറഞ്ഞ നിബന്ധനകൾ ബാധകമാണ്. ഹയ്യ കാർഡുകളുടെ സാധുത 2023 ജനുവരി 23 വരെയായിരിക്കുമെന്നാണ് ഖത്തർ നേരത്തെ അറിയിച്ചിരുന്നത്.