ഖത്തർ: മാസ്‌കുകൾ ധരിക്കാത്തതിന് 164 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു

GCC News

മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 164 പേർക്കെതിരെ നിയമ നടപടികൾ കൈക്കൊണ്ടതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വാഹനങ്ങളിൽ പരമാവധി അനുവദിച്ചിട്ടുള്ള യാത്രികരുടെ എണ്ണത്തിലെ ലംഘനങ്ങൾക്ക് 7 പേർക്കെതിരെയും മന്ത്രാലയം നടപടിയെടുത്തിട്ടുണ്ട്.

രാജ്യത്തെ പകർച്ച വ്യാധികൾ തടയുന്നതിനുള്ള നിയമം 17/ 1990 അനുസരിച്ചും, കാബിനറ്റ് തീരുമാനപ്രകാരവും, COVID-19 രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ മുൻകരുതൽ നിർദ്ദേശങ്ങളും, പ്രതിരോധ നടപടികളും പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചകൾ വരുത്തുന്നവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

പൊതു ഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കുന്നത് സമൂഹത്തിന്റെ സുരക്ഷയെ മുൻനിർത്തി നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു. കാറുകൾ പോലുള്ള വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പടെ പരമാവധി 4 പേർക്ക് മാത്രമാണ് നിലവിൽ യാത്രാനുമതി ഉള്ളതെന്നും മന്ത്രലയം കൂട്ടിച്ചേർത്തു. ഒരേ കുടുംബത്തിലെ അംഗങ്ങൾ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് മാത്രം ഈ നിയമത്തിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.