രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 262 പേർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 4-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇതിൽ 249 പേർക്കെതിരെ ഇൻഡോർ പൊതുഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനാണ് നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്. പൊതു ഇടങ്ങളിലേക്ക് ഇറങ്ങുന്നത് മുൻപായി ഫോണിൽ ഇഹ്തേരാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തതിനാണ് 13 പേർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്.
സമൂഹത്തിലെ മുഴുവൻ പേരുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് ഖത്തർ ക്യാബിനറ്റ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പകർച്ചവ്യാധികൾ തടയുന്നതിനുള്ള 1990/ 17 എന്ന ഖത്തർ നിയമം അനുസരിച്ചാണ് ഇത്തരം വീഴ്ച്ചകൾ വരുത്തുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾക്ക് ശുപാർശ ചെയ്യുന്നത്.