രാജ്യത്തെ നിയമങ്ങൾ അനുസരിക്കാനും, പരമ്പരാഗത സമ്പ്രദായങ്ങളെയും, ആചാരങ്ങളെയും ബഹുമാനിക്കാനും ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രവാസി ജീവനക്കാരോട് ആവശ്യപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിവിധ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ഒരു വെബ്ബിനാറിലാണ് അധികൃതർ ഇക്കാര്യം ആഹ്വാനം ചെയ്തത്. രാജ്യത്തെ സദാചാര മൂല്യങ്ങൾക്ക് അനുസൃതമായ വസ്ത്രധാരണ രീതികൾ പാലിക്കണമെന്ന് ജീവനക്കാരോട് നിർദ്ദേശിക്കാൻ മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലെടുക്കുന്നതിനായി ഖത്തറിലെത്തുന്ന പ്രവാസികൾ ഉന്നതമായ സദാചാര മൂല്യങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഓരോ വിദേശ ജീവനക്കാരനും തന്റെ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയാണെന്നും, തന്റെ രാജ്യത്തെക്കുറിച്ച് മറ്റുള്ളവരിൽ ഏറ്റവും ഉയർന്ന ബഹുമാനം ഉണർത്തുന്ന രീതിയിൽ പെരുമാറാൻ ഇവർ ബാധ്യസ്ഥരാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.