ദുബായ്: ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു; മുഹമ്മദ് ബിൻ റാഷിദ് ഉദ്‌ഘാടനം നിർവഹിച്ചു

GCC News

ദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ 2022 ഫെബ്രുവരി 22-ന് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്‌ഘാടനം ചെയ്തു. ദുബായ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

“ഇന്ന് നമ്മൾ ശാസ്ത്രം, നവീന രീതി, ഭാവിസംബന്ധിയായ ആശയങ്ങൾ എന്നീ മേഖലകളിൽ ആഗോളതലത്തിൽ ഒരു പുതിയ നാഴികക്കല്ല് കുറിക്കുന്നു. ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടമാണ് ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ. നമ്മുടെ ഭാവി ദർശിക്കുന്നതിനുള്ള ഒരു സംവിധാനമാണിത്. ലോകത്തിന് മൊത്തം ഒത്തൊരുമിക്കാനും, ഭാവിയിലേക്കുള്ള പ്രയാണം ആരംഭിക്കാനും ഉതകുന്ന ഒരു കേന്ദ്രമാണിത്.”, മ്യൂസിയം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഹമ്മദ് ബിൻ റാഷിദ് ട്വിറ്ററിൽ കുറിച്ചു.

Source: Dubai Media Office.

ഉദ്‌ഘാടന ചടങ്ങുകളുടെ ഭാഗമായി ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ മുന്നോട്ട് വെക്കുന്ന ആശയങ്ങൾ വിവരിക്കുന്ന പ്രത്യേക വീഡിയോ പ്രദർശനം ഉണ്ടായിരുന്നു. നാളത്തെ ലോകത്ത് നമ്മുടെ സ്വന്തം സ്ഥാനത്തെക്കുറിച്ച് മനസിലാക്കിത്തരുന്നതിനും, മനുഷ്യരാശിയുടെ ഭാവി ജീവിതം എങ്ങനെയായിരിക്കുമെന്നതിലേക്ക് വെളിച്ചം വീശുന്നതിനുമായി സന്ദർശകരെ 2071-ലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു ദൃശ്യവിസ്മയമാണ് ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ.

ലോകമെമ്പാടുമുള്ള ചിന്തകരെയും വിദഗ്ധരെയും ബന്ധിപ്പിച്ച് കൊണ്ട് യു എ ഇയിൽ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് നൂതന ചിന്താധാരകൾ ഒരുക്കുന്നതിനായി ‘ജീവനുള്ള മ്യൂസിയം’ എന്ന രീതിയിലാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള ടിക്കറ്റ് ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു.

ഭൂമിയിൽ നിന്ന് 77 മീറ്റർ ഉയരത്തിൽ, റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചും സുസ്ഥിരതയ്ക്ക് ഊന്നൽ നൽകിയും നിർമ്മിച്ച ഒരു വാസ്തുവിദ്യാ വിസ്മയമാണ് ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ. ഭാവിയെക്കുറിച്ച് പഠിക്കുന്നതിനും, ഭാവി വിഭാവനം ചെയ്യുന്നതിനും സഹായിക്കുന്ന മേഖലയിലെ ഏറ്റവും വലിയ സംവിധാനമാണിത്.

Source: Dubai Media Office.

30000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള, ഏഴ് നിലകളിലായി തൂണുകളില്ലാത്ത ഘടനയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 17000 ചതുരശ്ര മീറ്ററിലധികം നീളമുള്ള സ്റ്റെയിൻലെസ് സ്റ്റീലിൽ പണിതീർക്കുന്ന ഈ മ്യൂസിയത്തിന്റെ മുഖപ്പ്‌, എമിറാത്തി കലാകാരനായ മറ്റാർ ബിൻ ലഹേജ് രൂപകൽപ്പന ചെയ്ത 14000 മീറ്റർ അറബിക് കാലിഗ്രാഫിയാൽ സമ്പന്നമാണ്.

ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സന്ദർശിക്കുന്നതിന് ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. https://museumofthefuture.ae/en/book എന്ന വിലാസത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. മൂന്ന് വയസിന് മുകളിൽ പ്രായമുള്ളവർക്ക് 145 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

WAM