ഖത്തർ: ട്രാഫിക് പിഴകൾ കൃത്യസമയത്ത് അടയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

GCC News

വാഹന ഉടമകൾ ട്രാഫിക് പിഴകൾ കൃത്യസമയത്ത് അടയ്ക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു. 2026 ജൂലൈ 9-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കൃത്യസമയത്ത് പിഴ അടയ്ക്കുന്നത് നിയമത്തോടുള്ള ബഹുമാനത്തിന്റെ പ്രതിഫലനമാണെന്നും, ലഭ്യമായ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ വാഹന ഉടമകളെ ഇത് സഹായിക്കുമെന്നും, നിയമലംഘനങ്ങളുടെ കുമിഞ്ഞുകൂടലും തുടർന്നുള്ള നിയമ നടപടിക്രമങ്ങളും തടയാൻ സഹായിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.

12 മാസത്തിലധികം പഴക്കമുള്ള അടച്ച് തീർക്കാത്ത ഗതാഗത പിഴകൾ ബന്ധപ്പെട്ട പ്രോസിക്യൂഷൻ അധികാരികൾക്ക് റഫർ ചെയ്യുമെന്നും അനുരഞ്ജന നടപടിക്രമങ്ങൾ ഇനി അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിയമലംഘനം നടത്തിയ തീയതി മുതൽ ഒരു മാസത്തിനുള്ളിൽ പിഴ തുകകൾ അടച്ച് തീർക്കുന്നവർക്ക് തിരഞ്ഞെടുത്ത ഗതാഗത നിയമലംഘനങ്ങൾക്ക് 50% വരെ കിഴിവ് ലഭിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.