ഖത്തർ: എൻജിൻ ഓഫ് ചെയ്യാതെ വാഹനങ്ങൾ പാർക്ക് ചെയ്തു പോകുന്നത് ട്രാഫിക്ക് നിയമങ്ങൾക്ക് വിരുദ്ധം

Qatar

വാഹനങ്ങളുടെ എൻജിൻ ഓഫ് ചെയ്യാതെ അവ പാർക്ക് ചെയ്‌ത്‌, വാഹനങ്ങളിൽ നിന്ന് ഡ്രൈവർ പുറത്ത് പോകുന്നത് രാജ്യത്തെ ട്രാഫിക്ക് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം സമൂഹത്തെ ഓർമ്മപ്പെടുത്തി. എൻജിൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വാഹനങ്ങൾ ശ്രദ്ധിക്കാൻ ആരുമില്ലാതെ കുറച്ച് സമയത്തേക്ക് പോലും നിർത്തിപോകുന്നത് വലിയ അപകടങ്ങൾക്കിടയാക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

ഇത്തരത്തിൽ ഒരു വാഹനം പാർക്ക് ചെയ്ത ശേഷം, എന്തൊരു കരണത്താലായാലും, ഡ്രൈവർ പുറത്തു പോകുന്നത് ട്രാഫിക്ക് അപകടങ്ങൾക്കും, വാഹന മോഷണം, വാഹനങ്ങളിലെ വിലപിടിച്ച വസ്തുക്കളുടെ മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കിടയാക്കാമെന്നും മന്ത്രാലയം ട്വിറ്ററിലൂടെ പങ്ക് വെച്ച അറിയിപ്പിൽ വ്യക്തമാക്കി. വാഹനങ്ങളിൽ മറ്റാരുമില്ലാതെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെങ്കിൽ അപകട സാധ്യത വർധിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

സുരക്ഷ എന്നത് സമൂഹത്തിലെ മുഴുവൻ ആളുകളുടെയും കൂട്ടായ ഉത്തരവാദിത്വമാണെന്നും മന്ത്രാലയം പൗരന്മാരെയും, നിവാസികളെയും ഓർമ്മപ്പെടുത്തി.