വേനൽക്കാലത്ത് ഭക്ഷ്യജന്യ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനായി സുരക്ഷിതമായി ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം നിർദ്ദേശങ്ങൾ പുറത്തിറക്കി. 2026 ഓഗസ്റ്റ് 7-നാണ് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
حافظ على سلامة غذائك في الصيف
— وزارة الصحة العامة (@MOPHQatar) August 7, 2026
#سلامة_الغذاء#صيف_آمن
Keep your food safe in summer#Food_Safety #Safe_Summer pic.twitter.com/DeusrNRRyA
രാജ്യത്തുടനീളം വേനൽക്കാല താപനില ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്. വേനൽക്കാലത്ത് പൊതുജനങ്ങൾ ഭക്ഷണം തയ്യാറാക്കുന്ന അവസരങ്ങളിലും, അവ സംഭരിക്കുന്ന രീതികളിലും, ഭക്ഷണം ഓർഡർ ചെയ്യുന്ന സാഹചര്യങ്ങളിലും സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
രാജ്യത്ത് വേനലിൽ അനുഭവപ്പെടുന്ന കടുത്ത ചൂടിൽ ഭക്ഷണങ്ങളിൽ ബാക്ടീരിയ വളരുന്നത് തടയുന്നതിനും, ഭക്ഷണം കേടുവരുന്നത് ഒഴിവാക്കുന്നതിനുമായി പെട്ടെന്ന് കേടാകുന്ന ഭക്ഷണങ്ങൾ ശരിയായി റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നതും, കൈകാര്യം ചെയ്യുന്നതും വളരെ പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വേനൽക്കാല മാസങ്ങളിൽ ഭക്ഷണം സുരക്ഷിതമായി തയ്യാറാക്കാനും സംഭരിക്കാനും ഓർഡർ ചെയ്യാനും പൊതുജനങ്ങളെ സഹായിക്കുന്നതിനായി താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയം പങ്കുവച്ചിട്ടുണ്ട്:
- ഭക്ഷണം കൈകാര്യം ചെയ്യുന്നതിന് മുമ്പ് കൈകൾ നന്നായി കഴുകേണ്ടതാണ്.
- അസംസ്കൃതവും വേവിച്ചതുമായ ഭക്ഷണങ്ങൾ പരസ്പരം മലിനീകരണം ഉണ്ടാകാതിരിക്കാൻ വേർതിരിച്ച് സൂക്ഷിക്കേണ്ടതാണ്.
- ശീതീകരിച്ച ഭക്ഷണങ്ങളിലെ ഐസ് നീക്കം ചെയ്യുന്ന പ്രക്രിയ റഫ്രിജറേറ്ററിൽ വെച്ച് തന്നെ ചെയ്യുക. ഇതിനായി ഇത്തരം ഭക്ഷണവസ്തുക്കൾ ഫ്രീസറിൽ നിന്നെടുത്ത് റഫ്രിജറേറ്ററിലെ ഏറ്റവും താഴെ തട്ടിൽ വെച്ച് ഡീഫ്രോസ്റ്റ് ചെയ്യാവുന്നതാണ്.
- ഭക്ഷണസാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി റഫ്രിജറേറ്ററിൽ സൂക്ഷിച്ച ഭക്ഷണങ്ങൾ 4°C അല്ലെങ്കിൽ അതിൽ താഴെയും, ചൂടുള്ള ഭക്ഷണങ്ങൾ 65°C അല്ലെങ്കിൽ അതിൽ കൂടുതലും താപനിലയിൽ സൂക്ഷിക്കാൻ മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്.
- രണ്ട് മണിക്കൂറിൽ കൂടുതൽ ഭക്ഷണം റഫ്രിജറേറ്ററിൽ നിന്ന് പുറത്ത് വയ്ക്കരുതെന്നും ഇതിനകം ഉരുക്കിയ ഭക്ഷണങ്ങൾ വീണ്ടും ഫ്രീസുചെയ്യരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
- ഭക്ഷണം ഓർഡർ ചെയ്യുന്ന അവസരങ്ങളിൽ ലൈസൻസുള്ള റസ്റ്റോറന്റുകളുടെ മാത്രം സേവനം ഉറപ്പാക്കേണ്ടതാണ്.
- ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കുന്ന അവസരത്തിൽ ചൂടുള്ള ഭക്ഷണം ചൂടോടെയും തണുത്ത ഭക്ഷണം തണുപ്പിച്ചുമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കേണ്ടതാണ്.
- ഡെലിവറി ചെയ്യുന്ന അവസരത്തിൽ ഭക്ഷണം കൃത്യമായി അടച്ച് പൊതിഞ്ഞിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
- ബാക്കി വന്ന ഭക്ഷണം ഉടൻ തന്നെ റഫ്രിജറേറ്ററിൽ സൂക്ഷിക്കേണ്ടതാണ്. ഇവ കഴിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ ചൂടാക്കേണ്ടതാണ്.
Cover Image: Pixabay.

