രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർക്ക് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. 2022 ജനുവരി 29-ന് വൈകീട്ടാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഈ അറിയിപ്പ് പുറത്തിറക്കിയത്.
രാജ്യത്ത് കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം മൂലമുള്ള രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ PCR അല്ലെങ്കിൽ റാപിഡ് ആന്റിജൻ പരിശോധനയിൽ COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർക്ക്, രോഗബാധ സ്ഥിരീകരിക്കുന്ന തീയതി മുതൽ മൂന്ന് മാസത്തിന് ശേഷം വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കുന്നതിനുള്ള അർഹത ലഭിക്കുന്നതാണ്.
എന്നാൽ ഇതിന് മുൻപായി വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് എടുക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൾക്ക് രോഗബാധ സ്ഥിരീകരിച്ച് ഒരു മാസം പൂർത്തിയാക്കുന്നതോടെ അതിന് അനുമതിയുണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് COVID-19 രോഗമുക്തരായ വ്യക്തികൾക്ക് – ഇത് സ്ഥിരീകരിക്കുന്ന ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ഔദ്യോഗിക റിസൾട്ട് നിർബന്ധം – ഒമ്പത് മാസത്തെ കാലയളവിലേക്ക് രോഗപ്രതിരോധ ശേഷി നേടിയതായുള്ള സാധുത ലഭിക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്ക് ഈ കാലയളവിൽ വാക്സിനെടുത്തവർക്ക് ലഭിക്കുന്ന എല്ലാ ഇളവുകൾക്കും അർഹതയുണ്ടായിരിക്കുന്നതാണ്.
രോഗമുക്തി നേടിയതായുള്ള സ്റ്റാറ്റസ് Ehteraz ആപ്പിൽ ലഭ്യമായിരിക്കുമെന്നും, ഇതിന് 9 മാസത്തെ സാധുതയുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.