രാജ്യത്തെ അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് വാക്സിനെടുത്ത് എട്ട് മാസം പൂർത്തിയാക്കിയ അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് മന്ത്രാലയം ബൂസ്റ്റർ ഡോസ് നൽകുന്നത്.
ഇത്തരക്കാർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പ് നൽകിത്തുടങ്ങുന്നതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്ന നടപടികൾ 2021 സെപ്റ്റംബർ 15, ബുധനാഴ്ച്ച മുതൽ ഖത്തറിൽ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഫൈസർ ബയോഎൻടെക്, മോഡർന എന്നീ വാക്സിൻ കുത്തിവെപ്പുകളെടുത്തിട്ടുള്ള ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്.