രാജ്യത്തെ ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളെ കുറിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. ഇത്തരം നിർദ്ദേശങ്ങളെ കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് മന്ത്രാലയം ഈ നിർദ്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ആവർത്തിച്ചത്.
വാണിജ്യ കേന്ദ്രങ്ങളിലെത്തുന്നവരുടെ സുരക്ഷ മുൻനിർത്തി നടപ്പിലാക്കിയിട്ടുള്ള സുരക്ഷാ നിബന്ധനകളെക്കുറിച്ചും, ഇത്തരം കേന്ദ്രങ്ങളിലെത്തുന്നവർ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തറിലെ വാണിജ്യ കേന്ദ്രങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള സുരക്ഷാ മുൻകരുതലുകൾ:
- ഇത്തരം കേന്ദ്രങ്ങളിലെ സന്ദർശകരുടെ എണ്ണം പരമാവധി ശേഷിയുടെ 50 ശതമാനമാക്കിയിട്ടുണ്ട്.
- മാളുകളിലും മറ്റുമുള്ള ഭക്ഷണശാലകളിലെ ഉപഭോക്താക്കളുടെ എണ്ണം പരമാവധി ശേഷിയുടെ 30 ശതമാനമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഇടങ്ങളിൽ ഒരു മേശയിൽ പരമാവധി 5 പേർക്ക് മാത്രമാണ് ഇരിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
- മാളുകളിലും മറ്റുമുള്ള വിനോദ കേന്ദ്രങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ തുറക്കില്ല.
- മാളുകളിലേക്ക് പ്രവേശിക്കുന്നതിന് മാസ്കുകൾ നിർബന്ധമാക്കിയിട്ടുണ്ട്.
- 38 ഡിഗ്രിയിൽ കൂടുതൽ ശരീരോഷ്മാവ് പ്രകടമാക്കുന്നവരെ ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്നതല്ല.
- ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് ഖത്തറിലെ COVID-19 സ്മാർട്ട് ആപ്പ് ആയ Ehteraz-ൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്.
ഖത്തറിലെ മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളിലെത്തുന്നവർ പാലിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ:
- സന്ദർശകർ മുഴുവൻ സമയവും മാസ്കുകൾ ധരിക്കേണ്ടതാണ്.
- കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.
- മുഴുവൻ സമയവും മറ്റുള്ളവരിൽ നിന്ന് ചുരുങ്ങിയത് 1.5 മീറ്ററെങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
- മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളിൽ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തണ്ടതാണ്. ഉപഭോക്താക്കൾ തങ്ങളുടെ ആവശ്യങ്ങൾ കഴിഞ്ഞ ഉടൻ ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് മടങ്ങേണ്ടതാണ്.