ജി-റിങ്ങ് റോഡിലെ ലോജിസ്റ്റിക്സ് സിറ്റി ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിന് തെക്കുപടിഞ്ഞാറ് ദിശയിൽ എയർപോർട്ട് ഇന്റർചേഞ്ചിന് മുൻപായി ഫ്രീ സോണിലെ ജി-റിങ്ങ് റോഡിന്റെ തെക്ക് ഭാഗത്തുള്ള പ്രവേശനകവാടത്തിലാണ് ലോജിസ്റ്റിക്സ് സിറ്റി ഇന്റർചേഞ്ച് സ്ഥിതി ചെയ്യുന്നത്.
ലോജിസ്റ്റിക്സ് സിറ്റി ഇന്റർചേഞ്ച് ഈസ്റ്റേൺ, വെസ്റ്റേൺ ഫ്രീ സോണുകളെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. ഈ ഫ്രീസോണുകളെ ജി-റിങ്ങ് റോഡ്, റാസ് ബു അബൗദ് സ്ട്രീറ്റ്, സബാഹ് അൽ അഹ്മദ് കോറിഡോർ എന്നിവയുമായി ബന്ധിപ്പിക്കുന്നതിനും ലോജിസ്റ്റിക്സ് സിറ്റി ഇന്റർചേഞ്ച് സഹായിക്കുന്നു.
ഫ്രീ സോൺ സ്റ്റേഷനിലേക്ക് യാത്രാ സൗകര്യങ്ങൾ നൽകുന്നതിനായി ലോജിസ്റ്റിക്സ് സിറ്റി ഇന്റർചേഞ്ചിനെ ദോഹ മെട്രോ സംവിധാനവുമായി ബന്ധിപ്പിക്കുമെന്നും പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഫ്രീ സോണിലേക്കും, തിരികെയുമുള്ള ചരക്ക് നീക്കം സുഗമമാക്കുന്നതിനും, ജി-റിങ്ങ് റോഡിൽ നിന്ന് ഇൻഡസ്ട്രിയൽ ഏരിയ, അൽ മജെദ് റോഡ് തുടങ്ങിയ ഇടങ്ങളിലേക്കും ദോഹയ്ക്ക് പുറത്തേക്കും യാത്ര സേവനങ്ങൾ സുഗമമാക്കുന്നതിനും ഈ ഇന്റർചേഞ്ച് സഹായിക്കുന്നതായി അതോറിറ്റി അറിയിച്ചു.
രണ്ട് ഘട്ടങ്ങളിലായി നിർമ്മിച്ചിട്ടുളള ഈ ഇന്റർചേഞ്ചിൽ ഇരുവശത്തേക്കും മൂന്ന് മുതൽ നാല് ലൈനുകൾ വീതമുള്ള മൂന്ന് പാലങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിന് പുറമെ, ഈ ഇന്റർചേഞ്ചിൽ ഓരോ വശത്തേക്കും നാല് എക്സിറ്റുകൾ വീതമുണ്ട്. മണിക്കൂറിൽ ഏതാണ്ട് പതിനായിരം വാഹനങ്ങൾക്ക് കടന്ന് പോകാവുന്ന ഒരു ജംഗ്ഷനാണിത്.
മഴവെള്ളം ഒഴിഞ്ഞ് പോകുന്നതിനായുള്ള മൂന്ന് ടണലുകൾ, ഈ മേഖലയ്ക്ക് ചുറ്റുമുള്ള പുൽത്തകിടികൾക്കായുള്ള ജലസേചന സംവിധാനം, സർവീസ് റോഡുകൾ, ആശയവിനിമയത്തിനുള്ള സംവിധാനങ്ങൾ മുതലായവയും ഈ പദ്ധതിയുടെ ഭാഗമായി അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്.