ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റിന് മുന്നോടിയായി ഖത്തർ പോസ്റ്റ് മൂന്ന് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. ഫിഫ ക്ലാസിക് ശ്രേണിയിലുള്ള ഈ സ്റ്റാമ്പുകൾ ഫിഫയും, ഖത്തർ പോസ്റ്റും തമ്മിലേർപ്പെട്ടിട്ടുള്ള പ്രത്യേക കരാറിന്റെ അടിസ്ഥനത്തിൽ പുറത്തിറക്കിയിട്ടുള്ളതാണ്.
ഈ കരാർ പ്രകാരം ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഔദ്യോഗിക സ്റ്റാമ്പുകൾ പുറത്തിറക്കുന്നതിന് ഫിഫ ഖത്തർ പോസ്റ്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 2010, 2014, 2018 എന്നീ വർഷങ്ങളിലെ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റുകളുടെ സ്മരണയിലാണ് ഈ ഫിഫ ക്ലാസിക് ശ്രേണിയിലുള്ള മൂന്ന് സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നത്.
2010 മുതൽ 2018 വരെ നടന്ന മൂന്ന് ഫിഫ ലോകകപ്പ് ടൂർണമെന്റുകളുടെ മുദ്രകൾ ആലേഖനം ചെയ്തിരിക്കുന്ന ഈ സ്റ്റാമ്പുകൾ ഓരോന്നും 6 റിയാൽ മൂല്യമുള്ളതാണ്. മൂന്ന് സ്റ്റാമ്പുകൾ ഉൾപ്പെടുന്ന ഒരു സെറ്റ് 18 റിയാലിനാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്.
ഈ സ്റ്റാമ്പുകളുടെ 20000 കോപ്പികളാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത്. ഇതിന് പുറമെ 3000 ഫസ്റ്റ് ഡേ കവറുകൾ, 2000 ഫോൾഡറുകൾ എന്നിവയും ഇതുമായി ബന്ധപ്പെട്ട് ഖത്തർ പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.
ഫിഫയും, ഖത്തർ പോസ്റ്റും തമ്മിലേർപ്പെട്ടിട്ടുള്ള കരാറിന്റെ അടിസ്ഥനത്തിൽ 2021 മുതൽ 2022 വരെയുള്ള കാലയളവിൽ ഖത്തർ പോസ്റ്റ് പ്രത്യേക ഫിഫ ലോകകപ്പ് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കുന്നതാണ്. ലോകകപ്പ് ആരംഭിക്കുന്നതിലേക്ക് നയിക്കുന്ന ദിനങ്ങളിലെ വിവിധ പ്രധാന സംഭവങ്ങൾ ഈ സ്റ്റാമ്പുകളിലൂടെ ആഘോഷിക്കുന്നതിനും, ഇതോടൊപ്പം ഖത്തറിലെ ഫുട്ബോൾ ചരിത്രം സ്റ്റാമ്പുകളിലൂടെ അടയാളപ്പെടുത്തുന്നതിനും ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നു.
ഈ ശ്രേണിയിൽ പെടുന്ന ആദ്യ രണ്ട് സ്റ്റാമ്പുകൾ ഖത്തർ പോസ്റ്റ് 2021 ഏപ്രിൽ 1-ന് പുറത്തിറക്കിയിരുന്നു. ഈ രണ്ട് സ്റ്റാമ്പുകളിൽ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ചിഹ്നമാണ് മുദ്രണം ചെയ്തിട്ടുള്ളത്.
ഫിഫ ലോകകപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ രണ്ടാം ശ്രേണിയിലെ സ്റ്റാമ്പുകൾ 2021 ജൂലൈ 12-ന് ഖത്തർ പോസ്റ്റ് പുറത്തിറക്കിയിരുന്നു. 2022 ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളുടെ വാസ്‌തുവിദ്യ ഉൾക്കൊണ്ട് രൂപകല്പന ചെയ്തിട്ടുള്ള എട്ട് സ്റ്റാമ്പുകളാണ് രണ്ടാം ശ്രേണിയിൽ പുറത്തിറക്കിയിരുന്നത്.