പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തറിൽ മാർച്ച് 26, വെള്ളിയാഴ്ച്ച മുതൽ വാണിജ്യ മേഖലകളിലുൾപ്പടെ കൂടുതൽ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ദിനംപ്രതി ഉയരുന്ന COVID-19 രോഗബാധിതരുടെ എണ്ണം കണക്കിലെടുത്താണ് മുൻകരുതൽ നിർദ്ദേശങ്ങൾ കൂടുതൽ കർശനമാക്കാൻ ഖത്തർ തീരുമാനിച്ചത്.
രാജ്യത്ത് COVID-19 നിയന്ത്രങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ച് കൊണ്ട് ഖത്തർ ക്യാബിനറ്റ് ബുധനാഴ്ച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ തീരുമാന പ്രകാരം താഴെ പറയുന്ന നിയന്ത്രണങ്ങളാണ് മാർച്ച് 26 മുതൽ ഖത്തറിൽ പ്രാബല്യത്തിൽ വന്നിട്ടുള്ളത്:
- മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, സൂഖ്, മൊത്തവ്യാപാര മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളുടെ പ്രവർത്തനം 30 ശതമാനമാക്കി നിയന്ത്രിക്കും. ഇത്തരം ഇടങ്ങളിലേക്ക് 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനമില്ല.
- മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലെ ഫുഡ് കോർട്ടുകളിൽ പാർസൽ സേവനങ്ങൾ മാത്രമാക്കി നിയന്ത്രണമേർപ്പെടുത്തി.
- ജിം, ഫിറ്റ്നസ് സെന്ററുകൾ എന്നിവ അടച്ചിടും.
- വീടുകളിലും, മജ്‌ലിസുകളിലും സാമൂഹിക സന്ദർശനങ്ങൾ, ഒത്ത്ചേരലുകൾ എന്നിവ വിലക്കി.
- തുറന്ന ഇടങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ഒത്ത് ചേരുന്നതിന് വിലക്ക്.
- വിന്റർ ക്യാംപുകളിൽ ഒരേ വീടുകളിൽ താമസിക്കുന്ന, ഒരേ കുടുംബത്തിൽ നിന്നുള്ളവർക്ക് മാത്രം പ്രവേശനം.
- കളിസ്ഥലങ്ങൾ അടച്ചിടും.
- പൊതു പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയ ഇടങ്ങളിൽ വ്യായാമത്തിനായി ഏർപ്പെടുത്തിയിട്ടുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുമതിയില്ല.
- സിനിമാശാലകളുടെ പ്രവർത്തനശേഷി 20 ശതമാനമാക്കി. 18 വയസ്സിന് താഴെ പ്രായമുള്ളവർക്ക് പ്രവേശനമില്ല.
- റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളുടെ പ്രവർത്തന ശേഷി നിയന്ത്രിക്കുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. ഖത്തർ ക്ലീൻ പദ്ധതിയുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭക്ഷണശാലകൾക്ക് 50 ശതമാനം ശേഷിയിൽ ഔട്ഡോർ സേവനങ്ങൾ നൽകാവുന്നതാണ്. മറ്റു ഭക്ഷണശാലകളിൽ 30 ശതമാനം ശേഷിയിൽ ഔട്ഡോർ സേവനങ്ങൾ അനുവദിക്കുന്നതാണ്. രാജ്യത്തെ മുഴുവൻ ഭക്ഷണശാലകളുടെയും ഇൻഡോർ പ്രവർത്തന ശേഷി 15 ശതമാനമാക്കി നിയന്ത്രിക്കുന്നതാണ്.
- പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥന ഉൾപ്പടെ അനുവദിക്കുന്നതാണ്. പള്ളികളിലെ ശുചിമുറികൾ ഉപയോഗിക്കാൻ അനുമതിയില്ല.
- തീം പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ അടച്ചിടും.
- മുഴുവൻ വിവാഹ സത്കാരങ്ങളും (ഔട്ഡോർ/ ഇൻഡോർ) ഇനി ഒരു അറിയിപ്പ് നൽകുന്നത് വരെ നീട്ടിവെക്കേണ്ടതാണ്.
- ബസ്, മെട്രോ എന്നീ പൊതു ഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം വെള്ളി, ശനി ദിവസങ്ങളിൽ 20% ശേഷിയിൽ നിയന്ത്രിക്കുന്നതാണ്. മറ്റു ദിനങ്ങളിൽ ഇവ 30% ശേഷിയിൽ പ്രവർത്തിക്കും.
- വിദ്യാലയങ്ങളിൽ സമ്മിശ്ര പഠനരീതി തുടരും. 30% വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശിക്കാം.
- നഴ്സറികൾ 30% ശേഷിയിൽ പ്രവർത്തിക്കും.
- സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന ശേഷി 70 ശതമാനമാക്കി നിയന്ത്രിക്കും.
- പരിശീലന കേന്ദ്രങ്ങളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന രീതി തുടരേണ്ടതാണ്.