രാജ്യത്തെ ട്രാഫിക് നിയമലംഘനങ്ങളിൽ 49 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയതായി ഖത്തർ അധികൃതർ ചൂണ്ടിക്കാട്ടി. 2023 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരമാണ് ട്രാഫിക് നിയമലംഘനങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഖത്തർ പ്ലാനിങ്ങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കുകൾ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഖത്തറിൽ റോഡ് സുരക്ഷ കൂടുതൽ മെച്ചപ്പെട്ടതായി ഈ കണക്കുകൾ സൂചിപ്പിക്കുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2022 ഫെബ്രുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ട്രാഫിക് നിയമലംഘനങ്ങളിൽ 2023 ഫെബ്രുവരിയിൽ 49.1 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രേഖപ്പെടുത്തിയിട്ടുള്ള ട്രാഫിക് നിയമലംഘനങ്ങളിൽ ഏറ്റവും കൂടുതൽ ലംഘനങ്ങൾ വേഗപരിധിയുമായി ബന്ധപ്പെട്ടുള്ളവയാണെന്ന് അധികൃതർ വ്യക്തമാക്കി.