ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് 2022 നവംബർ 1 മുതൽ ഡിസംബർ 22 വരെ വിസിറ്റ് വിസകളിലുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2022 സെപ്റ്റംബർ 21-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് ഖത്തർ അധികൃതർ ഇക്കാര്യം അറിയിച്ചത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിൽ വെച്ച് നടന്ന ഈ പത്ര സമ്മേളനത്തിൽ പബ്ലിക് റിലേഷൻസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അബ്ദുള്ള ഖലീഫ അൽ മുഫ്താഹാണ് ഇക്കാര്യം അറിയിച്ചത്. ഓഫീസ് ഓഫ് ദി കമാണ്ടർ ഓഫ് ദി ടൂർണമെന്റ് സെക്യൂരിറ്റി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ കേണൽ ജാസ്സിം അൽ സയീദ് ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പ് വരുത്തുന്നതിനായാണ് ഈ നടപടി. 2022 നവംബർ 1 മുതൽ ഡിസംബർ 22 വരെ സാധാരണ വിസിറ്റ് വിസകളിലുള്ളവർ കര, കടൽ, വ്യോമ അതിർത്തികളിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 2022 ഡിസംബർ 23 മുതൽ വിസിറ്റ് വിസകളിലുള്ളവരുടെ പ്രവേശനം പുനരാരംഭിക്കുന്നതാണ്.
2022 നവംബർ 1 മുതൽ ഡിസംബർ 22 വരെ താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവർക്കാണ് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുന്നത്:
- ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി ഹയ്യ കാർഡ് നേടിയിട്ടുള്ളവർ. ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ സന്ദർശകരും ഹയ്യ ഡിജിറ്റൽ കാർഡിനായി അപേക്ഷിക്കേണ്ടതാണ്. ഹയ്യ കാർഡ് നേടിയിട്ടുള്ളവർക്ക് നവംബർ 1 മുതൽ ഡിസംബർ 23 വരെ ഖത്തറിലേക്ക് പ്രവേശിക്കാവുന്നതും, 2023 ജനുവരി 23 വരെ രാജ്യത്ത് തുടരാവുന്നതുമാണ്.
- ഖത്തർ പൗരന്മാർ, ഖത്തറിൽ നിന്നുള്ള ഐഡി കാർഡ് ഉള്ളവരായ പ്രവാസികൾ, ജിസിസി പൗരന്മാർ എന്നീ വിഭാഗങ്ങൾക്ക് ഈ പ്രവേശന വിലക്ക് ബാധകമല്ല.
- വർക്ക് എൻട്രി പെർമിറ്റുകൾ, പേഴ്സണൽ റിക്രൂട്ട്മെന്റ് വിസകൾ എന്നിവയുള്ളവർക്ക് ഖത്തറിലേക്ക് പ്രവേശിക്കാവുന്നതാണ്.
- മാനുഷിക പരിഗണന ആവശ്യമായി വരുന്ന വ്യക്തികൾക്ക്, ഔദ്യോഗിക അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവേശനം അനുവദിക്കുന്നതാണ്.