ഖത്തറിലെ ബസ്, മെട്രോ എന്നീ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ സെപ്റ്റംബർ 1, ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (MOTC) പ്രഖ്യാപിച്ചു. പരമാവധി ശേഷിയുടെ 30 ശതമാനം യാത്രികർക്ക് സേവനങ്ങൾ നൽകുന്ന തരത്തിലാണ് ഇവ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത്. രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവുകളുടെ ഭാഗമായാണ് ഈ തീരുമാനം.
മെട്രോ, ബസ് എന്നിവയിൽ പാലിക്കേണ്ടതായ വിവിധ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും ഈ തീരുമാനത്തിന്റെ ഭാഗമായി MOTC അറിയിച്ചിട്ടുണ്ട്.
- ആരോഗ്യ മന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും സർവീസുകൾ നടപ്പിലാക്കുന്നത്. പരമാവധി ശേഷിയുടെ 30 ശതമാനം യാത്രികർക്കാണ് അനുവാദം.
- വാഹനങ്ങളിലെയും, സ്റ്റേഷനുകളിലെയും മുഴുവൻ ജീവനക്കാർക്കും COVID-19 ടെസ്റ്റിംഗ് നടത്തുന്നതാണ്.
- സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പ്രത്യേക മേൽനോട്ട ചുമതലയുള്ള ജീവക്കാരെ ഏർപ്പെടുത്തുന്നതാണ്.
- യാത്രികർ കഴിയുന്നതും ഓൺലൈൻ ബുക്കിംഗ് സേവനങ്ങൾ ഉപയോഗപ്പെടുത്തണം.
- ഖത്തറിലെ COVID-19 ട്രാക്കിംഗ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമാണ് അനുവാദം നൽകുന്നത്.
- മാസ്കുകൾ മുഴുവൻ സമയവും നിർബന്ധമാണ്.
- പുകവലി കർശനമായി നിരോധിച്ചിട്ടുണ്ട്. പൊതു ഗതാഗത സംവിധാനങ്ങളിൽ ഭക്ഷണം കഴിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
- മുഴുവൻ സമയവും സമൂഹ അകലം പാലിക്കേണ്ടതാണ്.
- തുടർച്ചയായി അണുവിമുക്തമാകുന്നതിനുള്ള സംവിധാനങ്ങളും, യാത്രികർക്കായി ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസറുകളും തയ്യാറാക്കിയിട്ടുണ്ട്.
രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ടത്തിലെ ഇളവുകൾ രണ്ട് ഭാഗങ്ങളായി നടപ്പിലാക്കാൻ തീരുമാനിച്ചതായി ഖത്തറിലെ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്‌മന്റ് ഓഗസ്റ്റ് 26-നു അറിയിച്ചിരുന്നു. ഇതിന്റെ ആദ്യ ഭാഗം ഇളവുകൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കുന്നതാണെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു.