രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നതിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 29-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വാക്സിനേഷൻ നടപടികൾ സുഗമമായി തുടരുന്നതിനും, സമൂഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ അറിയിപ്പ് പ്രകാരം, രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കാനായി വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്:
രണ്ടാം ഡോസ് കുത്തിവെപ്പുകൾക്കായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നവർക്കുളള നിർദ്ദേശങ്ങൾ:
- പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ആദ്യ ഡോസ് കുത്തിവെപ്പുകൾ സ്വീകരിച്ചവർക്ക് അതേ കേന്ദ്രത്തിൽ നിന്ന് തന്നെ രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നതിനായി തീരുമാനിച്ചിട്ടുണ്ട്.
- കഴിഞ്ഞ 20 ദിവസങ്ങൾക്കിടയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ആദ്യ ഡോസ് കുത്തിവെപ്പുകൾ സ്വീകരിച്ച ശേഷം രണ്ടാം ഡോസിനായി ഡ്രൈവ്-ത്രൂ കേന്ദ്രങ്ങൾ സന്ദർശിക്കാൻ നിർദ്ദേശം ലഭിച്ചിട്ടുള്ളവർക്ക്, അവരുടെ രണ്ടാം ഡോസ് കുത്തിവെപ്പ് PHCC ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച് SMS മുഖേനെ അറിയിപ്പ് നൽകുന്നതാണ്. ലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് ഒഴിവാക്കുന്നതിനായി ഏതാനം പേർക്ക് രണ്ടാം ഡോസ് കുത്തിവെപ്പുകൾ മറ്റു വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി PHCC കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
- മുൻകൂർ അനുമതികളില്ലാതെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നവർക്ക് വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നതല്ല.
- വാക്സിൻ കുത്തിവെപ്പിനായി എത്തുന്നവർക്ക് ‘Ehteraz’ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്. ഇവർ QID, ആദ്യ ഡോസ് വാക്സിൻ കുത്തിവെപ്പിന്റെ വിവരങ്ങൾ ഉൾക്കൊള്ളുന്ന വാക്‌സിനേഷൻ കാർഡ് എന്നിവ കൈവശം കരുതേണ്ടതാണ്.
രണ്ടാം ഡോസ് കുത്തിവെപ്പുകൾക്കായി ലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർക്കുള്ള നിർദ്ദേശങ്ങൾ:
- QNCC-യിൽ നിന്ന് ആദ്യ ഡോസ് സ്വീകരിച്ചവർക്ക് മാത്രമാണ് ഇനി മുതൽ ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിൽ നിന്ന് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നതിന് ശുപാർശ ചെയ്യുന്നത്.
- രണ്ടാം ഡോസ് വാക്സിൻ ലഭിക്കുന്നതിന് ഡ്രൈവ്-ത്രൂ കേന്ദ്രത്തിലെത്തുന്നതിനുള്ള സമയക്രമം SMS മുഖേനെ നൽകുന്നതാണ്.
- ആദ്യ ഡോസ് കുത്തിവെപ്പ് കഴിഞ്ഞ് നിശ്ചിത കാലാവധി പൂർത്തിയാക്കിയവർക്കാണ് രണ്ടാം ഡോസ് കുത്തിവെപ്പുകൾ നൽകുന്നതെന്നും, രണ്ടാം ഡോസ് കുത്തിവെപ്പുകൾ നേരത്തെ നൽകുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഫൈസർ വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവർക്ക് ആദ്യ ഡോസ് കുത്തിവെപ്പ് കഴിഞ്ഞ് 21 ദിവസങ്ങൾക്ക് ശേഷവും, മോഡേണ വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് ആദ്യ ഡോസ് കുത്തിവെപ്പ് കഴിഞ്ഞ് 28 ദിവസങ്ങൾക്ക് ശേഷവുമാണ് ഈ കേന്ദ്രത്തിൽ നിന്ന് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നത്.
- സ്വകാര്യ വാഹനങ്ങളിലോ, ടാക്സികളിലോ എത്തുന്നവർക്ക് മാത്രമാണ് ഡ്രൈവ്-ത്രൂ കേന്ദ്രത്തിൽ നിന്ന് വാക്സിൻ കുത്തിവെപ്പ് നൽകുന്നത്. ബസിലോ, കാൽനടയായോ എത്തുന്നവർക്ക് കുത്തിവെപ്പ് നൽകില്ല.
- വാക്സിൻ കുത്തിവെപ്പിനായി എത്തുന്നവർക്ക് ‘Ehteraz’ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്. ഇവർ QID, ആദ്യ ഡോസ് വാക്സിൻ കുത്തിവെപ്പിന്റെ വിവരങ്ങൾ ഉൾക്കൊള്ളുന്ന വാക്‌സിനേഷൻ കാർഡ് എന്നിവ കൈവശം കരുതേണ്ടതാണ്.
- സമയക്രമം പാലിക്കാനാകാതെ വരുന്നവർക്ക് PHCC കേന്ദ്രത്തിലേക്ക് വാക്സിൻ കുത്തിവെപ്പ് പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് SMS മുഖേനെ അറിയിപ്പ് നൽകുന്നതാണ്.