കുവൈറ്റ്: വാക്സിനെടുത്തിട്ടുള്ളവർക്കുള്ള ക്വാറന്റീൻ ഇളവുകൾ; വാക്സിനെടുത്തതായി തെളിയിക്കാൻ കുവൈറ്റ് മുസാഫിർ സംവിധാനം ഉപയോഗിക്കാം

Kuwait

കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ക്വാറന്റീൻ ഇളവുകൾ ലഭിക്കുന്നതിനായി വാക്സിനെടുത്തതായി തെളിയിക്കാൻ കുവൈറ്റ് മുസാഫിർ സംവിധാനം ഉപയോഗിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരിൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്നത് സംബന്ധിച്ച് മാർച്ച് 22-ന് കുവൈറ്റ് സെന്റർ ഫോർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ (CGC) അറിയിപ്പ് നൽകിയിരുന്നു.

ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ അധികൃതർ ഇത്തരം യാത്രികർക്ക് വാക്സിനെടുത്തതായി എയർപോർട്ടിൽ തെളിയിക്കുന്നതിനായി കുവൈറ്റ് മുസാഫിർ പ്ലാറ്റ്ഫോമിലെ വാക്‌സിൻ സർട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയത്. കുവൈറ്റ് സർക്കാർ അംഗീകരിച്ചിട്ടുള്ള വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്കാണ് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്നത്.

https://kuwaitmosafer.gov.kw/ എന്ന വിലാസത്തിലൂടെ കുവൈറ്റ് മുസാഫിർ പ്ലാറ്റ്ഫോം ഉപയോഗിക്കാവുന്നതാണ്. ഈ ഓൺലൈൻ സംവിധാനത്തിലൂടെ വാക്സിനേഷൻ നടപടികൾ സംബന്ധിച്ച വിവരങ്ങൾ എയർപോർട്ടിലെ പരിശോധനകൾക്കായി ലഭ്യമാക്കാനുള്ള സൗകര്യം നിലവിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കുവൈറ്റിലേക്ക് പ്രവേശിക്കുന്ന താഴെ പറയുന്ന വിഭാഗം യാത്രികർക്കാണ് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികളിൽ ഇളവ് നൽകുന്നത്:

  • COVID-19 വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവർ. രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് നിർബന്ധമായും രണ്ടാഴ്ച്ച പൂർത്തിയാക്കിയിരിക്കണം.
  • കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് അഞ്ചാഴ്‌ച്ച മുന്നേ ചുരുങ്ങിയത് ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർ.
  • കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് രണ്ടാഴ്ച്ച മുന്നേ ഒരു ഡോസ് കുത്തിവെപ്പ് സ്വീകരിച്ച COVID-19 രോഗബാധിതരായ ശേഷം പൂർണ്ണമായും രോഗമുക്തരായവർ.

മേൽപറഞ്ഞ വിഭാഗം യാത്രികർക്ക് നിർബന്ധിത ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികൾ ഒഴിവാക്കി നൽകുന്നതാണ്. എന്നാൽ ഇവർക്ക് 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്.

ഇവർ കുവൈറ്റിലേക്ക് പ്രവേശിച്ച ശേഷം ഏഴാം ദിനം PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഹോം ക്വാറന്റീൻ കാലാവധി അവസാനിക്കുന്നതാണ്. നിലവിൽ വിദേശ പൗരമാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള വിലക്കുകൾ തുടരുന്നതിനാൽ ഈ മാനദണ്ഡങ്ങൾ കുവൈറ്റ് പൗരന്മാർക്കും, അവരുടെ ഗാർഹിക ജീവനക്കാർക്കും മാത്രമാണ് ബാധകമാക്കിയിട്ടുള്ളത്.