സൗദി: ഭക്ഷണശാലകൾ ഉൾപ്പടെ 5 പ്രവർത്തനമേഖലകളിലെ ജീവനക്കാർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കാൻ തീരുമാനം

GCC News

രാജ്യത്തെ ഭക്ഷണശാലകൾ ഉൾപ്പടെ 5 പ്രധാന പ്രവർത്തനമേഖലകളിലെ മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർബന്ധമാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് അറിയിച്ചു. 2021 മെയ് 13 മുതൽ ഈ മേഖലകളിൽ തൊഴിലെടുക്കുന്നവർക്ക് വാക്സിൻ നിർബന്ധമായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

പൊതുസമൂഹത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനും, കൊറോണ വൈറസ് വ്യാപനം തടയുന്നതിനുമായാണ് ഈ തീരുമാനം. താഴെ പറയുന്ന പ്രവർത്തന മേഖലകളിലെ ജീവനക്കാർക്കാണ് മെയ് 13-ന് മുൻപായി വാക്സിൻ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളത്.

  • റെസ്റ്ററന്റുകൾ.
  • കഫെ.
  • മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങൾ.
  • സലൂൺ, ബാർബർ ഷോപ്പ്.
  • സ്ത്രീകൾക്കുള്ള ബ്യൂട്ടി പാർലർ.

മെയ് 13-ന് ശേഷം വാക്സിനേഷൻ ചെയ്യാത്ത ഇത്തരം ജീവനക്കാർക്ക് ഓരോ ഏഴ് ദിവസം തോറും PCR ടെസ്റ്റ് നിർബന്ധമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ചെലവ് ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്ന് ഈടാക്കുന്നതാണ്.

മെയ് 13 മുതൽ രാജ്യത്തെ പൊതുഗതാഗത മേഖലയിലെ മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർബന്ധമാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സൗദിയിലെ ഹെൽത്ത് സെന്ററുകൾ, ജിം, സ്പോർട്സ് സെന്ററുകൾ എന്നിവയിലെ ജീവനക്കാർക്കും വാക്സിൻ നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.