സൗദി: പൊതുഗതാഗത മേഖലയിലെ ജീവനക്കാർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കാൻ തീരുമാനം

Saudi Arabia

രാജ്യത്തെ പൊതുഗതാഗത മേഖലയിലെ മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർബന്ധമാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. 2021 മെയ് 13 മുതൽ ഇത്തരം ജീവനക്കാർക്ക് വാക്സിൻ നിർബന്ധമായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

പൊതുസമൂഹത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനും, കൊറോണ വൈറസ് വ്യാപനം തടയുന്നതിനുമായാണ് ഈ തീരുമാനം. പൊതുഗതാഗത സംവിധാനങ്ങളായ ബസ്, ട്രെയിൻ എന്നിവയിലെ ഡ്രൈവർമാർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് ഈ തീരുമാനം ബാധകമാണ്.തങ്ങളുടെ കീഴിലുള്ള ജീവനക്കാർക്കിടയിൽ മെയ് 13-ന് മുൻപായി വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ പൂർത്തിയാക്കാൻ പൊതുഗതാഗത മേഖലയിലെ സ്ഥാപനങ്ങളോട് അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

മെയ് 13-ന് ശേഷം വാക്സിനേഷൻ ചെയ്യാത്ത ഇത്തരം ജീവനക്കാർക്ക് ഓരോ ഏഴ് ദിവസം തോറും PCR ടെസ്റ്റ് നിർബന്ധമാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. ഇതിന്റെ ചെലവ് ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്ന് ഈടാക്കുന്നതാണ്. സൗദിയിലെ ഹെൽത്ത് സെന്ററുകൾ, ജിം, സ്പോർട്സ് സെന്ററുകൾ എന്നിവയിലെ ജീവനക്കാർക്ക് വാക്സിൻ നിർബന്ധമാക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് സ്പോർട്സ് അറിയിച്ചിട്ടുണ്ട്.