എമിറേറ്റിലെ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകേണ്ടതിന്റെ പ്രാധാന്യം റാസ് അൽ ഖൈമ പോലീസ് മേധാവി മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി ചൂണ്ടിക്കാട്ടി. റാസ് അൽ ഖൈമ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്‌മന്റ് വിഭാഗത്തിന്റെ തലവൻ കൂടിയാണ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി.
കൊറോണ വൈറസ് പ്രതിസന്ധിയിൽ നിന്ന് പൂർണ്ണമുക്തി നേടുന്നതിന് എമിറേറ്റിലെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകുന്നത് വളരെ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതൽ പേരിലേക്ക് വാക്സിൻ എത്തുന്നത് വൈറസ് വ്യാപനം തടയുന്നതിനും, രോഗബാധ തീവ്രമാകുന്നത് തടയുന്നതിനും സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിനെടുത്ത ഭൂരിപക്ഷം പേർക്കും, രോഗബാധയുണ്ടാകുന്ന സാഹചര്യങ്ങളിൽ ആശുപത്രി ചികിത്സ, വെന്റിലേറ്ററുകളുടെ ഉപയോഗം എന്നിവ ആവശ്യമായി വരുന്നില്ലെന്നാണ് നിലവിലെ ആരോഗ്യ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റാസ് അൽ ഖൈമ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്‌മന്റ് വിഭാഗത്തിന്റെ യോഗത്തിൽ അധ്യക്ഷത വഹിച്ച് കൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. റാസ് അൽ ഖൈമ പോലീസ് ഡെപ്യൂട്ടി കമാണ്ടർ ഇൻ ചീഫ് ബ്രിഗേഡിയർ അബ്ദുല്ല ഖമീസ് അൽ ഹദീദി, മറ്റു ഉദ്യോഗസ്ഥർ മുതലായവർ ഈ യോഗത്തിൽ പങ്കെടുത്തു. എമിറേറ്റിലെ നിലവിലെ COVID-19 സാഹചര്യങ്ങൾ, രോഗപ്രതിരോധ നടപടികൾ, വാക്സിനേഷൻ സംബന്ധമായ വിഷയങ്ങൾ മുതലായവ യോഗത്തിൽ ചർച്ച ചെയ്തു.
എമിറേറ്റിലെ വാക്സിനേഷൻ നടപടികൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും മേജർ ജനറൽ അൽ നുഐമി കൂട്ടിച്ചേർത്തു. വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽ 90 ശതമാനനം പേർക്ക് കുത്തിവെപ്പ് നൽകുന്നതിനാണ് എമിറേറ്റ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
WAM